സ്വാഗതം ചെയ്ത് കർദിനാൾ പിസബല്ല
Friday, October 10, 2025 3:26 AM IST
ജറൂസലെം: ഗാസയിലെ സംഘർഷത്തിനും അതുവഴി അവിടുത്തെ ജനങ്ങളുടെ ദുരിതത്തിനും അറുതി വരുന്നതിൽ സന്തോഷമുണ്ടെന്ന് ജറൂസലെമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല.
ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന കരാർ മേഖലയിലെ ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കരാർ പൂർണമായും വിശ്വാസപൂർവവുമായും നടപ്പാക്കേണ്ടതുണ്ട്. ഈ ഭീകരയുദ്ധത്തിന് ഇനിയെങ്കിലും അറുതിയാകട്ടെ. അടിയന്തരമായി ഇനി ചെയ്യേണ്ടത് ഗാസയിലെ കൊടുംദുരിതത്തിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് മാനുഷികസഹായം എത്തിക്കുകയെന്നതാണ്. എല്ലാ തടസങ്ങളും നീക്കി സഹായവിതരണം വേഗത്തിലാക്കണം.
സമാധാനകരാർ സാധ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ കഠിനാധ്വാനത്തെ വിലമതിക്കുകയും ചെയ്യുന്നു. ഇനിയും നിരവധി നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.