ഹൂതി വിമതരുടെ ആക്രമണം വെല്ലുവിളി
Monday, October 7, 2024 4:21 AM IST
ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു പിന്നാലെ ലോകം നേരിടുന്ന വെല്ലുവിളിയാണ് യെമനിലെ ഹൂതി വിമതർ ചരക്കുകപ്പലുകൾക്കു നേരേ നടത്തുന്ന ആക്രമണം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ആക്രമണം തുടങ്ങിയതോടെ ആഗോള ചരക്കുനീക്കം പ്രതിസന്ധിയിലായി. യുഎസിന്റെ നേതൃത്വത്തിൽ പാശ്ചാത്യശക്തികൾ തിരിച്ചടി നല്കുന്നുണ്ടെങ്കിലും ഹൂതികൾ തളർന്നിട്ടില്ല.
തലസ്ഥാനമായ സനാ അടക്കം യമന്റെ പ്രധാനഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾക്ക് ഇറാന്റെ പിന്തുണയുണ്ട്. ഹമാസ് ഭീകരാക്രമണമുണ്ടായി ആറാഴ്ചകൾക്കു ശേഷമാണു ഹൂതികൾ ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകൾ ലക്ഷ്യമിടാൻ തുടങ്ങിയത്. ഗാലക്സി ലീഡൻ എന്ന ബ്രിട്ടീഷ് ചരക്കുകപ്പൽ പിടിച്ചെടുത്തുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് സ്ഥിരമായി ചരക്കുകപ്പലുകൾക്കു നേർക്ക് മിസൈലുകളും ഡ്രോണുകളും വിടാൻ തുടങ്ങി.
ഇതോടെ ചരക്കുകപ്പലുകൾ ചെങ്കടലിനെയും മെഡിറ്ററേനിയനെയും ബന്ധിപ്പിക്കുന്ന ഈജിപ്തിലെ സൂയസ് കനാൽ ഒഴിവാക്കി ആഫ്രിക്ക ചുറ്റിയുള്ള ദീർഘദൂര പാത തെരഞ്ഞെടുക്കാൻ നിർബന്ധിതമായി. ഹൂതികൾ ആക്രമണം തുടങ്ങുന്നതിന് മുന്പ് ആഗോള ചരക്കുനീക്കത്തിന്റെ 10-15 ശതമാനവും സൂയസ് കനാലിലൂടെ ആയിരുന്നു. ദിവസം 80 കപ്പലുകൾ വരെ സൂയസിലൂടെ കടന്നുപോയിരുന്നു. ഇപ്പോൾ ശരാശരി 29 കപ്പലുകളാണു പോകുന്നത്. ഈ വർഷം സെപ്റ്റംബർ മധ്യംവരെ ഹൂതികൾ ചരക്കുകപ്പലുകൾക്കു നേർക്ക് 130 ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
രണ്ടു കപ്പലുകൾ മുക്കി. അപൂർവമായി യുഎസ് യുദ്ധക്കപ്പലുകളും ആക്രമിക്കാൻ ഹൂതികൾ ശ്രമിച്ചിട്ടുണ്ട്. ഇസ്രയേലുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള കപ്പലുകളെയേ ആക്രമിക്കൂ എന്നാണു ഹൂതികൾ പറയുന്നത്.
പക്ഷേ, പലപ്പോഴും ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലുകളും ആക്രമിക്കപ്പെട്ടു. ഹൂതികളുടെ ആക്രമണങ്ങൾ വിജയം കാണുന്നതു കുറവാണെങ്കിലും അവരുയർത്തുന്ന ഭീഷണിയെ ഗൗരവമായിട്ടാണു കപ്പൽകന്പനികൾ കാണുന്നത്.