സിനിമകളുടെ പേരിൽ ശിക്ഷ; ഇറേനിയൻ സംവിധായകൻ യൂറോപ്പിലേക്കു രക്ഷപ്പെട്ടു
Wednesday, May 15, 2024 1:38 AM IST
പാരീസ്: സിനിമകളുടെ പേരിൽ ഇറേനിയൻ ഭരണകൂടം ശിക്ഷയ്ക്കു വിധിച്ച വിഖ്യാത സംവിധായകൻ മുഹമ്മദ് റസലോഫ് യൂറോപ്പിലേക്കു രക്ഷപ്പെട്ടു.
സങ്കീർണമായ യാത്രയ്ക്കൊടുവിൽ യൂറോപ്പിലെത്തിയതായി അദ്ദേഹം തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. സുരക്ഷിതസ്ഥലത്താണെന്നു പറഞ്ഞെങ്കിലും ഇതെവിടെയാണെന്നു വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല.
ഇറേനിയൻ ഭരണകൂടത്തെ വിമർശിക്കുന്ന സിനിമകളുടെ പേരിൽ കഴിഞ്ഞയാഴ്ച കോടതി അദ്ദേഹത്തിന് തടവും ചാട്ടയടിയും പിഴയും വിധിച്ചിരുന്നു.
ഇറാനിലെ വധശിക്ഷയെക്കുറിച്ച് റസലോഫ് സംവിധാനം ചെയ്ത ‘ദെയർ ഈസ് നോ ഈവിൾ’ എന്ന ചിത്രം 2020ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയിരുന്നു.
അതേസമയം, പുരസ്കാരം സ്വീകരിക്കുന്നതിനായി ഇറാൻ വിടാൻ റസലോഫിന് അനുമതി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘ദ സീഡ് ഓഫ് ദ സേക്രെഡ് ഫിഗ്’ ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.