ആണവയുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പുമായി പുടിൻ
Friday, March 1, 2024 12:19 AM IST
മോസ്കോ: യുക്രെയ്ൻ സംഘർഷം വർധിപ്പിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ശ്രമങ്ങൾ ആണവയുദ്ധത്തിൽ കലാശിച്ചേക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മുന്നറിയിപ്പ്.
യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കാൻ ധൈര്യപ്പെടുന്ന ഏതു രാജ്യവും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
യുക്രെയ്നിൽ പാശ്ചാത്യ സൈനികരെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നേരത്തേ പറഞ്ഞ സാഹചര്യത്തിലാണ് പുടിന്റെ മുന്നറിയിപ്പ്. പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണം നടത്താൻ കഴിയുന്ന ആയുധങ്ങൾ റഷ്യക്കുണ്ട്. പാശ്ചാത്യരുടെ നീക്കങ്ങളെല്ലാം ആണവയുദ്ധത്തിലേക്കു നയിക്കുന്നവയാണ്. സംസ്കാരങ്ങളുടെ നാശമായിരിക്കും ഇതിന്റെയെല്ലാം ഫലം.
സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേർന്ന സാഹചര്യത്തിൽ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തി ശക്തിപ്പെടുത്തുമെന്നു പുടിൻ പറഞ്ഞു. റഷ്യയിൽ അധിനിവേശത്തിനു മുതിരുന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തേക്കാൾ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിലുള്ള ഉപരോധങ്ങൾക്കിടയിലും റഷ്യ വളർച്ച കൈവരിക്കുന്നതായി പുടിൻ അവകാശപ്പെട്ടു. ജി-7 രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന സാന്പത്തികവളർച്ചയാണു പോയവർഷം റഷ്യക്കുണ്ടായത്. സൗഹൃദരാജ്യങ്ങളുമായി ചേർന്ന് പുതിയ ആഗോള സാന്പത്തിക പശ്ചാത്തല സൗകര്യങ്ങൾ നിർമിക്കാൻ റഷ്യ പദ്ധതിയിടുന്നു.
“റഷ്യ അമേരിക്കയുമായി ചർച്ചയ്ക്കു സന്നദ്ധമാണ്. പക്ഷേ, റഷ്യയെ നിർബന്ധിച്ച് ചർച്ചയ്ക്കിരുത്താമെന്ന് ആരും കരുതേണ്ട. റഷ്യയെ ആയുധമത്സരത്തിലേക്കു വലിച്ചിഴയ്ക്കാനാണ് പാശ്ചാത്യർ ശ്രമിക്കുന്നത്”- പുടിൻ പറഞ്ഞു.