ധാന്യനിരോധനം: പോളണ്ടിനെതിരേ നിയമനടപടിക്ക് യുക്രെയ്ൻ
Tuesday, September 19, 2023 12:15 AM IST
കീവ്: യൂറോപ്യൻ യൂണിയന്റെ നിർദേശം തള്ളി തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾക്കു നിരോധനം തുടരുന്ന പോളണ്ട്, ഹംഗറി, സ്ലോവാക്യ രാജ്യങ്ങൾക്കെതിരേ യുക്രെയ്ൻ നിയമനടപടി ആലോചിക്കുന്നു. പോളണ്ടിൽനിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനും യുക്രെയ്ന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്നിൽനിന്നുള്ള ഗോതന്പ്, സൂര്യകാന്തി എണ്ണ തുടങ്ങിയ ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനം കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ, യൂണിയനിൽ അംഗമായ ഈ മൂന്ന് രാജ്യങ്ങളും നിരോധനം തുടരാൻ തീരുമാനിച്ചതാണ് പ്രശ്നത്തിനു കാരണം.
യൂക്രെയ്നിൽനിന്നുള്ള ഉത്പന്നങ്ങൾ വ്യപകമായി എത്തുന്നത് തങ്ങളുടെ കർഷകരെ പ്രതികൂലമായി ബാധിക്കുന്നതായി മൂന്നു രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഏറ്റവും കൂടുതൽ പിന്തുണ നല്കുന്ന രാജ്യങ്ങളിലൊന്നാണ് പോളണ്ട്. ഹംഗറിക്ക് റഷ്യാ അനുകൂല നിലപാടുണ്ടെങ്കിലും യുക്രെയ്ൻ അഭയാർഥികളെ സ്വീകരിക്കുന്നുണ്ട്.