നിക്കരാഗ്വയിൽ ബിഷപ് അൽവാരസിനെ വിട്ടയച്ചശേഷം വീണ്ടും അറസ്റ്റ് ചെയ്തു
Friday, July 7, 2023 11:15 PM IST
മനാഗ്വ: നിക്കരാഗ്വൻ ഏകാധിപതി ഡാനിയൽ ഒർട്ടേഗയുടെ നിശിത വിമർശകനായ കത്തോലിക്കാ ബിഷപ് റോണാൾഡോ അൽവാരസിനെ ജയിലിൽനിന്നു വിട്ടയച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. ഒർട്ടേഗയുടെ ഭരണകൂടം നിർദേശിച്ച പ്രകാരം രാജ്യംവിടാൻ ബിഷപ് കൂട്ടാക്കാതിരുന്നതാണ് കാരണം.
ബിഷപ് അൽവാരസിനെ തിങ്കളാഴ്ച ജയിൽമോചിതനാക്കിയെന്നാണ് റിപ്പോർട്ട്. തുടർന്ന് മനാഗ്വയിലുള്ള മെത്രാൻ സമിതി ആസ്ഥാനത്തു താമസിച്ച ബിഷപ്പിനോട് റോമിലേക്കു പോകാൻ സർക്കാർ ആവശ്യപ്പെട്ടു.
എന്നാൽ മാർപാപ്പ ഉത്തരവിട്ടാലല്ലാതെ താൻ രാജ്യംവിടില്ലെന്ന് ബിഷപ് അൽവാരസ് നിലപാടെടുത്തു. തുടർന്ന് ബുധനാഴ്ച അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് തടവിലാക്കുകയായിരുന്നു.
പ്രസിഡന്റ് ഒർട്ടേഗയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയ്ക്കും എതിരേ ശബ്ദമുയർത്തിയ ബിഷപ് അൽവാരസ് കഴിഞ്ഞവർഷമാണ് അറസ്റ്റിലായത്.
ഫെബ്രുവരിയിൽ അമേരിക്കയിലേക്കു നാടുകടത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ബിഷപ്പിന് 26 വർഷം തടവു വിധിക്കുകയും അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കുകയും ചെയ്യുകയായിരുന്നു.
ഒർട്ടേഗയുടെ ഭരണത്തിൽ കത്തോലിക്കാ സഭ വലിയ പീഡനമാണേൽക്കുന്നത്. പുരോഹിതരടക്കം ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തു നാടുകടത്തുകയും സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യുന്നു.