റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
Wednesday, December 18, 2024 12:22 AM IST
മോസ്കോ: ഉന്നത റഷ്യൻ സൈനിക മേധാവി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് (54), സഹായി ഇല്യ പോളികാർപോവ് എന്നിവരാണു കൊല്ലപ്പെട്ടത്. മോസ്കോയിലെ വസതിക്കു വെളിയിൽ സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
കിറിലോവ് ഓഫീസിലേക്കു പോകാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു സ്ഫോടനം. റിമോട്ട് സംവിധാനത്തിലൂടെയാണു സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ സീക്രട്ട് സർവീസ് ഏറ്റെടുത്തു. യുക്രെയ്നിലെ റഷ്യൻ യുദ്ധത്തിന്റെ പേരിൽ യുകെ, കാനഡ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കിറിലോവിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു. 2017ലാണ് ഇദ്ദേഹം ആണവ, രാസായുധ വിഭാഗം മേധാവിയായി ചുമതലയേറ്റത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രാസായുധം ഉപയോഗിച്ചതിനെതിരേ യുക്രെയ്ന്റെ സെക്യൂരിറ്റി സർവീസ്(എസ്ബിയു) കിറിലോവിനെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചശേഷം 4800 തവണ റഷ്യ യുക്രെയ്നിൽ രാസായുധപ്രയോഗം നടത്തിയിരുന്നതായി ആരോപണമുണ്ട്.
ഒന്നാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച മാരക രാസായുധമായ ക്ലോറോപിക്രിൻ യുക്രെയ്ൻ സൈന്യത്തിനെതിരേ കിറിലോവ് ഉപയോഗിച്ചുവെന്ന് മേയിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചിരുന്നു.
യുദ്ധത്തിൽ നേരിട്ട തിരിച്ചടിയിൽനിന്നു ജനശ്രദ്ധ തിരിക്കാൻ യുക്രെയ്ൻ നടത്തിയതാണ് ആക്രമണമെന്നു റഷ്യൻ സുരക്ഷാ കൗൺസിൽ ഉപമേധാവി ദിമിത്രി മെദ്വെദേവ് കുറ്റപ്പെടുത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അധ്യക്ഷതയിലാണ് സുരക്ഷാസമിതി യോഗം ചേർന്നത്.യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ പല പ്രമുഖരും ആസൂത്രിത ആക്രമണത്തിലൂടെ കൊല്ലപ്പെട്ടിട്ടുണ്ട്.
റഷ്യൻ ദേശീയവാദിയായ അലക്സാണ്ടർ ദുഗിന്റെ മകളും മാധ്യമപ്രവർത്തകയുമായ ദാരിയ ദുഗിൻ, സൈനിക ബ്ലോഗർ വ്ലാദ്ലെൻ ടാടാർസ്കി, റഷ്യയിലേക്കു രക്ഷപ്പെട്ട യുക്രയ്ൻ പാർലമെന്റ് അംഗം ഇല്യ കിവ എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.