റഷ്യൻ ജനറൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്ക് പൗരൻ അറസ്റ്റിൽ
Thursday, December 19, 2024 12:51 AM IST
മോസ്കോ: റഷ്യൻ ജനറൽ ഇഗോർ കിറിലോവ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക് പൗരൻ അറസ്റ്റിലായി. യുക്രെയ്നുവേണ്ടി ബോംബ് സ്ഥാപിച്ചതും റിമോട്ട് ഉപയോഗിച്ചു പൊട്ടിച്ചതും ഇയാളാണെന്നു റഷ്യൻ അന്വേഷകർ അറിയിച്ചു.
റഷ്യയുടെ ആണവ-രാസ-ജൈവ ആയുധവിഭാഗം മേധാവി ആയിരുന്ന കിറിലോവ് ചൊവ്വാഴ്ച മോസ്കോയിൽ കൊല്ലപ്പെടുകയായിരുന്നു. വസതിക്കു സമീപം ഇലക്ട്രിക് സ്കൂട്ടറിൽ സ്ഥാപിച്ച ബോംബാണു പൊട്ടിത്തെറിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ ചാരസംഘടനയായ എസ്ബിയു ഏറ്റെടുത്തിരുന്നു. യുക്രെയ്ന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന റഷ്യൻ ജനറലാണ് കിറിലോവ്.
അറസ്റ്റിലായ ഉസ്ബെക് പൗരന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇയാൾ കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. പ്രതിഫലമായി പത്തു ലക്ഷം ഡോളറും യൂറോപ്യൻ രാജ്യത്ത് താമസവും വാഗ്ദാനം ചെയ്തിരുന്നതായി ഇയാൾ പറയുന്നു.
ആക്രമണത്തിൽ പങ്കുള്ള മറ്റു വ്യക്തികൾക്കായി അന്വേഷണം നടത്തുന്നതായി റഷ്യൻവൃത്തങ്ങൾ പറഞ്ഞു. മറ്റൊരാൾകൂടി പിടിയിലായതായി റിപ്പോർട്ടുണ്ട്.
ജനറലിന്റെ വധം നാളെ യുഎൻ രക്ഷാസമിതിയിൽ ഉന്നയിക്കുമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.