ബാക്മുത് പിടിച്ചെന്ന് റഷ്യ, ഇല്ലെന്നു സെലൻസ്കി
Monday, May 22, 2023 12:41 AM IST
ഹിരോഷിമ: ബാക്മുത് നഗരം പിടിച്ചെടുത്തുവെന്ന റഷ്യയുടെ അവകാശവാദം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി തള്ളി. ബാക്മുത്തിൽ എന്താണു നടക്കുന്നതെന്നതിനെക്കുറിച്ച് തനിക്കു വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ അവിടുത്തെ സൈനിക തന്ത്രങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാവില്ലെന്നും ഹിരോഷിമയിലെ ജി-7 ഉച്ചകോടിക്കിടെ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കിഴക്കൻ യുക്രെയ്നിലെ ബാക്മുത് നഗരം പിടിച്ചെടുത്തതായി റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യിവ്ജെനി പ്രിഗോഷിനിൽ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പ്രിഗോഷിനെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അഭിനന്ദിക്കുകയുമുണ്ടായി.
ബാക്മുത് നഗരം യുക്രെയൻ ജനതയുടെ ഹൃദയത്തിൽ മാത്രമാണുള്ളതെന്നും അവിടെയൊന്നും അവശേഷിക്കുന്നില്ലെന്നും സെലൻസ്കി തുടർന്ന് പറഞ്ഞിരുന്നു. നഗരം റഷ്യൻ നിയന്ത്രണത്തിലായെന്നതിന്റെ സ്ഥിരീകരണമാണ് ഇതെന്ന വ്യാഖാനങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് ബാക്മുത് കൈവിട്ടുപോയിട്ടില്ലെന്നു സെലൻസ്കി വിശദീകരിച്ചത്. ഇതിനിടെ, നഗരത്തെ ഭാഗികമായി വളഞ്ഞിരിക്കുകയാണെന്നു യുക്രെയ്ൻ സേനയും അവകാശപ്പെട്ടു.
15 മാസമായ യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യൻ പട്ടാളം ഏറ്റവും വെല്ലുവിളി നേരിട്ടതു ബാക്മുത്തിലാണ്. തന്ത്രപരമായി വലിയ പ്രാധാന്യമില്ലാത്ത നഗരം പിടിച്ചെടുക്കാനായി പ്രിഗോഷിന്റെ വാഗ്നർ ഗ്രൂപ്പും റഷ്യൻ സേനയും പത്തു മാസമായി പോരാടുകയാണ്. എന്നാൽ, യുക്രെയ്ൻ സേനയുടെ ശക്തമായ ചെറുത്തുനിൽപ്പിൽ നഗരത്തിന്റെ പൂർണ നിയന്ത്രം കൈയാളാൻ റഷ്യക്കു കഴിയുന്നില്ല.