അഫ്ഗാനിസ്ഥാനിൽ ഭൂമി വിറച്ചു 1000 മരണം
Thursday, June 23, 2022 1:51 AM IST
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ കൂട്ടനാശം വിതച്ച അതിശക്തമായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1500 ലധികം പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു താലിബാൻ നേതാവ് ഹിബത്തുള്ള അഖുൻസാദ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടാൻ താലിബാൻ ഭരണകൂടം ലോകരാജ്യങ്ങളുടെ സഹായം തേടി.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പർവതമേഖലയായ പക്തിക പ്രവിശ്യയിലെ നാലു ജില്ലകളിലാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ ഉഗ്ര ഭൂകന്പം നാശം വിതച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. തകർന്ന റോഡുകളും പരിമിതമായ രക്ഷാസംവിധാനങ്ങളും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്. അഫ്ഗാൻ അതിർത്തിയിലെ ചില പാക് ഗ്രാമങ്ങളിലും വീടുകൾ തകർന്നു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കാബൂളിൽ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖ്ഹുണ്ടിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. സഹായം ഉടൻ ലഭ്യമാക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ റസിഡന്റ് കോ-ഓർഡിനേറ്റർ റാമിസ് അൽഅക്ബറോവ് ട്വിറ്ററിൽ പറഞ്ഞു.
ദുരന്തമേഖലയിലേക്കു നാലായിരം പുതപ്പുകളും എണ്ണൂറ് താത്കാലിക ടെന്റുകളും ഭക്ഷണം പാകംചെയ്യാനുള്ള സംവിധാനങ്ങളും അയച്ചതായി അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഏഴ് ആംബുലൻസുകളെ ദുരന്തമേഖലയിൽ നിയോഗിച്ചതായി അഫ്ഗാനിൽ ഇപ്പോഴും തുടരുന്ന ഇറ്റാലിയൻ വൈദ്യസംഘം പറഞ്ഞു. ദുരന്തത്തിൽ മരിച്ചവർക്കായി പ്രാർഥിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ പറഞ്ഞു.