ചാഡിൽ സൈനിക ഭരണത്തിനെതിരേ പ്രതിഷേധം ശക്തം
Wednesday, April 28, 2021 12:30 AM IST
എൻജമേന: പ്രസിഡന്റ് ഇദ്രിസ് ഡെബി വിമതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പട്ടാളം അധികാരം പിടിച്ചെടുത്തതിൽ ചാഡിലെ ജനങ്ങൾ പ്രതിഷേധത്തിൽ.
ഡെബിയുടെ മകൻ മെഹ്മത് ഇദ്രിസ് അധ്യക്ഷനായ സൈനികസമിതിയെ അംഗീകരിക്കില്ലെന്നും അധികാരം സിവിലിയൻ ഭരണകൂടത്തിനു കൈമാറണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സൈനികസമിതി പ്രതിഷേധങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ജനം വകവച്ചിട്ടില്ല. ഇന്നലത്തെ പ്രതിഷേധങ്ങൾക്കിടെ രണ്ടു പേർ കൊല്ലപ്പെടുകയും 27 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഇതിനിടെ, ഭരണം സവിലിയൻ ഭരണകൂടത്തിനു കൈമാറാനായി പട്ടാളത്തിനുമേൽ അന്താരാഷ്ട്രതലത്തിൽ സമ്മർദം ശക്തമാണ്. ചാഡിലെ സ്ഥിതിവിശേഷങ്ങൾ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണെന്ന് ആഫ്രിക്കൻ യൂണിയന്റെ സമാധാന സുരക്ഷാ സമിതി പറഞ്ഞിരുന്നു.
മൂന്നു പതിറ്റാണ്ട് അധികാരത്തിലിരുന്ന ഡെബി 19നാണു കൊല്ലപ്പെട്ടത്.