ഇമ്രാൻ ഖാൻ വിശ്വാസവോട്ട് നേടി
Sunday, March 7, 2021 12:13 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമം കുറിച്ച് ഇമ്രാൻ ഖാൻ സർക്കാർ വിശ്വാസ വോട്ടു നേടി. പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലെ 342 അംഗങ്ങളിൽ 178 പേർ സർക്കാരിനെ അനുകൂലിച്ചു വോട്ട് ചെയ്തു. ഭൂരിപക്ഷത്തിന് 172 മതിയായിരുന്നു. പ്രതിപക്ഷ കക്ഷികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഉപരിസഭയായ സെനറ്റിലേക്കു ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹാഫീസ് ഷെയ്ക് മുൻ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയോടു തോറ്റിരുന്നു. ഇതിനെത്തുടർന്ന് പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജിക്കായി മുറവിളിച്ചു. തുടർന്നാണ് ഇമ്രാൻ വിശ്വാസവോട്ടു തേടാൻ തീരുമാനിച്ചത്.