പ്രതീക്ഷയുയർത്തി ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ
Tuesday, October 27, 2020 12:37 AM IST
ലണ്ടൻ: ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനാകയും ചേർന്നു നിർമിക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ പ്രായമേറിയ രോഗികളിലും ഫലപ്രദമാണെന്ന് ആദ്യസൂചനകൾ. പ്രതിരോധ വാക്സിന്റെ ആദ്യബാച്ച് തയാറായെന്നും പ്രായമേറിയ രോഗികളിൽ ആന്റിബോഡികൾ രൂപപ്പെടുത്താൻ വാക്സിനു കഴിവുണ്ടെന്നും പ്രമുഖ ആശുപത്രിയിൽനിന്നുള്ള വിവരങ്ങളുടെഅടിസ്ഥാനത്തിൽ ഫിനാൻഷൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അപകടസാധ്യത ഏറെയുള്ള മുതിർന്നവരുടെ ശരീരത്തിൽ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി ടി സെല്ലുകൾ രൂപപ്പെടുത്താൻ വാക്സിനു കഴിഞ്ഞുവെന്നാണു വിലയിരുത്തൽ. പതിനെട്ടിനും 55 നും ഇടയിൽ പ്രായമുള്ള രോഗികളിൽ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അടുത്തമാസം ആദ്യം വാക്സിൻ നൽകാനുള്ള തയാറെടുപ്പു നടത്താൻ ആശുപത്രി അധികൃതർക്കു നിർദേശം ലഭിച്ചതായി സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്തകളോട് ഓക്സ്ഫഡോ അസ്ട്ര സെനാകയോ പ്രതികരിച്ചിട്ടില്ല.