ഹാഗിയ സോഫിയ: എർദോഗൻ തിരുത്തണമെന്നു കൗൺസിൽ ഓഫ് ചർച്ചസ്
Monday, July 13, 2020 12:15 AM IST
ജനീവ: ഹാഗിയ സോഫിയ വീണ്ടും മോസ്കാക്കിയ നടപടി തിരുത്തണമെന്ന് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് തുർക്കി പ്രസിഡന്റ് എർദോഗനോട് ആവശ്യപ്പെട്ടു. കത്തീഡ്രലായി നിർമിക്കപ്പെടുകയും തുടർന്ന് മോസ്കും മതേതരത്വത്തിന്റെ പ്രതീകമായ മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത നിർമിതി വീണ്ടും മോസ്കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എർദോഗന് അയച്ച കത്തിൽ കൗൺസിൽ ചൂണ്ടിക്കാട്ടി.
ജനീവ ആസ്ഥാനമായ ഈ സംഘടനയിൽ ഓർത്തഡോക്സ്, ലൂഥറൻ വിഭാഗങ്ങളടക്കം 350 സഭകൾ അംഗളാണ്. 50 കോടി വിശ്വാസികളെ പ്രതിനിധീകരിക്കുന്നു.
ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുർക്കി കോടതി വെള്ളിയാഴ്ച എടുത്തുകളഞ്ഞതിനു പിന്നാലെയാണ് മോസ്കായി മാറ്റിക്കൊണ്ടുള്ള ഉത്തരവ് എർദോഗൻ പുറപ്പെടുവിച്ചത്.
ഇതിലൂടെ വിഭാഗീയത സൃഷ്ടിക്കപ്പെടുമെന്നു കൗൺസിൽ പറഞ്ഞു. വിവിധ മതങ്ങൾക്കിടയിൽ അവിശ്വാസമുണ്ടാകും. പരസ്പര ധാരണയും ബഹുമാനവും സഹകരണവും വർധിപ്പിക്കാനുള്ള നീക്കങ്ങൾ അവതാളത്തിലാകുമെന്നും ചൂണ്ടിക്കാട്ടി.
തുർക്കിയിലെ യാഥാസ്ഥിക വിഭാഗത്തെ കൈയിലെടുക്കുന്ന എർദോഗന്റെ നടപടിയിൽ മതേതരവിഭാഗങ്ങൾ ശക്തമായ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. തുർക്കിയിലെ ഏറ്റവും പ്രമുഖ എഴുത്തുകാരൻ ഓർഹാൻ പാമുഹ് നടപടിക്കെതിരേ രംഗത്തുവന്നു. താനടക്കം ദശലക്ഷങ്ങൾ ഹാഗിയ സോഫിയ മോസ്ക് ആക്കരുതെന്നു വാദിച്ചിട്ടും ഒരാളും ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം ബിബിസിയോടു പറഞ്ഞു.
റഷ്യയിലേത് അടക്കമുള്ള ഓർത്തഡോക്സ് സഭകളും ഗ്രീസ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ലോകപൈതൃക പദവിയുള്ള നിർമിതിയുടെ പദവി മാറ്റിയതിൽ യുനസ്കോയ്ക്കും എതിർപ്പുണ്ട്.