ചൈനയിൽ 500 തടവുകാർക്കു കൊറോണ; ദക്ഷിണകൊറിയയിൽ രോഗം പടരുന്നു
Friday, February 21, 2020 11:57 PM IST
ബെയ്ജിംഗ്: ചൈനയിലെ വിവിധ ജയിലുകളിലായി 500 തടവുകാർക്കു കൊറോണരോഗം പിടിപെട്ടു. ഹുബൈ പ്രവിശ്യയിലെ ജയിലുകളിൽ നിന്ന് ഇന്നലെ 271 കൊറോണകേസുകൾ റിപ്പോർട്ടു ചെയ്തു.
ഹുബൈ പ്രവിശ്യാ ആസ്ഥാനമായ വുഹാനിലെ വനിതാ ജയിലിലാണ് ഏറ്റം കൂടുതൽ രോഗികളുള്ളതെന്ന് പ്രിസൺ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഹിപിംഗ് പറഞ്ഞു. രോഗബാധ തടയുന്നതിൽ വീഴ്ച പറ്റിയെന്നു ചൂണ്ടിക്കാട്ടി വനിതാ ജയിലിന്റെ വാർഡനെ മാറ്റിയെന്ന് കമ്യൂണിസ്റ്റ് പാർട്ടി പത്രം ഹുബൈ ഡെയിലി പറഞ്ഞു.
കിഴക്കൻ ഷാൻഡോംഗ് പ്രവിശ്യയിലെ റെൻചാംഗ് ജയിലിൽ ഏഴു ഗാർഡുമാർക്കും 200 അന്തേവാസികൾക്കും രോഗം പിടിപെട്ടു.
കൊറോണ ബാധമൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 2236 ആയെന്ന് ആരോഗ്യകമ്മീഷൻ അറിയിച്ചു.75685 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ ബെയ്ജിംഗിലും രോഗം അനിയന്ത്രിതമായി പടരുകയാണെന്നു സൂചനയുണ്ട്. ബെയ്ജിംഗിലെ രണ്ട് ആശുപത്രികളിൽ നിന്നു നിരവധി പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഇറാനിൽ രണ്ടു പേർ കൊറോണമൂലം മരിച്ചു. 13 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ദക്ഷിണകൊറിയയിൽ കൊറോണ പടരുന്നു
ദക്ഷിണകൊറിയയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി സിയൂൾ ഭരണകൂടം.ഇതിനകം രണ്ടുപേർ മരിച്ചു. ഇന്നലെ മാത്രം പുതുതായി നൂറു പേർക്ക് രോഗം കണ്ടെത്തി. ഇതോടെ ദക്ഷിണകൊറിയയിലെ കൊറോണ രോഗികളുടെ എണ്ണം 204 ആയി. തെക്കൻ നഗരങ്ങളായ ഡെയിഗു, ചെങ്ഡോ എന്നിവിടങ്ങളിൽ സ്പെഷൽ കെയർ സോണുകൾ ഏർപ്പെടുത്തി. ഡെയിഗുവിലെ തെരുവുകൾ വിജനമാണ്. മാളുകളും റസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണ്.
മൂന്നു സൈനികർക്ക് രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് പട്ടാള ക്യാന്പുകളും ജാഗ്രതയിലാണ്. ചെങ്ഡോയിലെ ഒരു മത സംഘടനയിലെ 9000 അംഗങ്ങളോട് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കാൻ അധികൃതർ ഉത്തരവിട്ടു. ചെങ്ഡോയിലെ ഒരു ചടങ്ങിൽ പങ്കെടുത്തയാളിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പിടിപെട്ടതെന്നു സംശയിക്കുന്നു.
യുക്രെയ്നിൽ കല്ലേറ്
വുഹാനിൽ നിന്ന് രോഗബാധിതരെ ഒഴിപ്പിച്ചു കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് യുക്രെയ്നിലെ ഖാരിവിൽ ജനങ്ങൾ അക്രമം നടത്തി.
രോഗബാധിതരുമായി എത്തിയ വാഹനങ്ങൾക്കു നേരേ ചിലർ കല്ലേറു നടത്തി. 24 പ്രകടനക്കാരെ അറസ്റ്റു ചെയ്തു. ഏറ്റുമുട്ടലുകളിൽ പരിക്കേറ്റ ഒരു സിവിലിയനെയും ഒന്പത് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിഷേധ പ്രകടനക്കാരുടെ നടപടി അപലപനീയമാണെന്നു പറഞ്ഞ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ക്വാറന്റൈനിൽ പ്രവേശിപ്പിക്കപ്പെട്ടവർ ആർക്കും ഭീഷണിയല്ലെന്നു ചൂണ്ടിക്കാട്ടി.
നോവി സൻഹാരിയിലെ നാഷണൽ ഗാർഡ് മെഡിക്കൽ സെന്ററിൽ ക്വാറന്റൈനിൽ കഴിയുന്നവരോടൊപ്പം താനും രണ്ടാഴ്ച ചെലവിടുമെന്ന് യുക്രെയ്ൻ ആരോഗ്യമന്ത്രി സോറ്യാന സ്കലേട്സ്ക അറിയിച്ചു.