സുരിനാം പ്രസിഡന്റിന് 20 വർഷം തടവ്
Saturday, November 30, 2019 10:48 PM IST
പരമാറിബോ: തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിൽ പ്രസിഡന്റ് ഡെസി ബൗട്ടേഴ്സിന് പട്ടാളക്കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. 1982ൽ 15 രാഷ്ട്രീയ എതിരാളികളെ വകവരുത്തിയെന്ന കേസിലാണിത്.
എഴുപത്തിനാലുകാരനായ ബൗട്ടേഴ്സ് ചൈനാ സന്ദർശനത്തിലാണ്. തുർന്നുള്ള ക്യൂബാ സന്ദർശനം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കി. അടുത്തയാഴ്ച നാട്ടിലെത്തുമെന്ന് ബൗട്ടേഴ്സിന്റെ അഭിഭാഷകൻ അറിയിച്ചു.
പ്രസിഡന്റിനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടില്ല. 1980ൽ പട്ടാള അട്ടിമറിയിലൂടെയാണ് ബൗട്ടേഴ്സ് അധികാരം പിടിച്ചത്. 2010ലും 15ലും തെരഞ്ഞെടുപ്പിലൂടെ അധികാരം നിലനിർത്തി. പ്രസിഡന്റിന് എല്ലാവിധ കേസുകളിൽനിന്നും സംരക്ഷണം നല്കുന്ന നിയമം പാർലമെന്റ് 2012ൽ പാസാക്കിയെങ്കിലും പിന്നീട് കോടതി റദ്ദാക്കി.