ഭീകരക്യാന്പുകളിലെ ആക്രമണം : ഇന്ത്യയുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് പാക്കിസ്ഥാൻ
Monday, October 21, 2019 10:55 PM IST
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാന്പുകൾ ഇന്ത്യൻ സൈന്യം തകർത്തതിനു പിന്നാലെ വാർത്ത വളച്ചൊടിച്ച് പാക്കിസ്ഥാൻ. ഭീകരക്യാന്പുകൾ തകർത്തുവെന്ന ഇന്ത്യയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നാണു പാക് സൈനികവക്താവ് മേജർ ജനറൽ അസിഫ് ഗഫൂറിന്റെ വാദം.
ഇന്ത്യയുടെ അവകാശവാദം പരിശോധിക്കാൻ വിദേശ നയതന്ത്രപ്രതിനിധിയെയോ മാധ്യമപ്രവർത്തകനെയോ ക്ഷണിക്കുന്നതിനെ സ്വാഗതംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച അർധരാത്രിയോടെ ട്വിറ്ററിലാണ് മേജർ ജനറൽ അസിഫ് ഇന്ത്യയുടെ അവകാശവാദത്തെ ചോദ്യംചെയ്തത്.
പാക് അധിനിവേശ കാഷ്മീരിലെ സൈനികനടപടിയിൽ ആറ് മുതൽ പത്ത് വരെ പാക്കിസ്ഥാൻ സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടുവെന്നു സേനാമേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ജനറൽ റാവത്തിന്റെ പ്രസ്താവന നിർഭാഗ്യകരമാണെന്നാണ് മേജർ ജനറൽ അസിഫിന്റെ വാദം. ഉന്നതപദവിയിലുള്ളയൊരാൾ ഇത്തരത്തിൽ പറയുന്നതു നിർഭാഗ്യകരമാണ്. പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിലെ സൈനികനേതൃത്വം ഇത്തരം അവകാശവാദങ്ങൾ ആവർത്തിക്കുകയാണ്- അസിഫ് കുറ്റപ്പെടുത്തുന്നു.