ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വനിതാ മുഖങ്ങളും
Tuesday, July 8, 2025 2:19 AM IST
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ മൂന്ന് വനിതകളുടെ പേരുകളും സജീവമാകുന്നു.
പാർട്ടിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന മുൻ അധ്യക്ഷ ദഗ്ഗുബതി പുരന്ദേശ്വരി, മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ തുടങ്ങിയവരാണ് നിർമലയ്ക്കൊപ്പം പ്രചാരത്തിലുള്ള പേരുകൾ.
2020 മുതൽ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ജെ.പി.നഡ്ഡയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തേടിയുള്ള നടപടികൾ പാർട്ടി ആരംഭിച്ചത്. സാധ്യതാ പട്ടികയിലുള്ള മൂന്ന് വനിതകളും ദക്ഷിണേന്ത്യയിൽനിന്നുള്ളവരാണ്. ഇവിടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്ന സാഹചര്യത്തിൽ ഇവർക്കു സാധ്യതയേറും.
നിലവിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പാർട്ടി അധ്യക്ഷസ്ഥാനങ്ങൾ ബിജെപി നികത്തി വരികയാണ്. അവസാനമായി ദേശീയ അധ്യക്ഷനെ ഈ മാസം തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.
ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ, മനോഹർ ലാൽ ഖട്ടർ, ശിവ്രാജ് സിംഗ് ചൗഹാൻ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരാണ് സാധ്യതാ പട്ടികയിലുള്ള മറ്റു പ്രധാന നേതാക്കൾ.