ജഡ്ജിമാരിലല്ല, നീതിയിലാണ് ദൈവം: ജസ്റ്റീസ് എം.എം. സുന്ദരേഷ്
Saturday, July 5, 2025 1:51 AM IST
ന്യൂഡൽഹി: ജഡ്ജിമാരെ ദൈവമായി കാണേണ്ടതില്ലെന്നും നീതിയിലാണ് ദൈവത്തെ അന്വേഷിക്കേണ്ടതെന്നും സുപ്രീംകോടതി.
ഒരു കേസിലെ വാദത്തിനിടയിൽ ജഡ്ജിമാരെ ദൈവതുല്യരായി കാണുന്നുവെന്ന അഭിഭാഷകന്റെ പരാമർശത്തിന് ജസ്റ്റീസ് എം.എം. സുന്ദരേഷ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജഡ്ജിമാർ സേവകരാണെന്നും നീതിയിലാണ് ദൈവത്തെ അന്വേഷിക്കേണ്ടതെന്നും ജസ്റ്റീസ് മറുപടി നൽകി. ഇത്തരം പരാമർശങ്ങൾക്കെതിരേ സുപ്രീംകോടതി നേരത്തേയും മുന്നറിയിപ്പ് നൽകിയിരുന്നു.
സുപ്രീംകോടതി ജഡ്ജിമാരെ ദൈവതുല്യരായി കാണുന്ന പ്രവണത തെറ്റാണെന്ന് മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് കഴിഞ്ഞവർഷം ചൂണ്ടിക്കാട്ടിയതാണ്. പൊതുജനതാത്പര്യം സംരക്ഷിക്കുക മാത്രമാണ് ജഡ്ജിമാരുടെ കടമ.
കോടതിയെ നീതിക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്നതിലും ജഡ്ജിമാരെ "ലോർഡ്ഷിപ്പ്’ അല്ലെങ്കിൽ 'ലേഡിഷിപ്പ്’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിലും ഗുരുതര അപകടമുണ്ടെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. നീതിക്ഷേത്രത്തിലെ ദൈവമായി ജഡ്ജിമാർ സ്വയം കരുതുന്നത് വലിയ വീഴ്ചയിലേക്കു നയിക്കുമെന്നും മുൻ ചീഫ് ജസ്റ്റീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.