വീടൊഴിയാതെ മുൻ ചീഫ് ജസ്റ്റീസ്; ഒഴിപ്പിക്കാൻ ഭരണവിഭാഗം
സ്വന്തം ലേഖകൻ
Monday, July 7, 2025 3:40 AM IST
ന്യൂഡൽഹി: കാലാവധി കഴിഞ്ഞിട്ടും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ തുടരുന്നതായും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം കേന്ദ്രത്തിനു കത്തെഴുതി. സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ജഡ്ജിമാർക്ക് താമസിക്കാൻ ഔദ്യോഗിക വസതികളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.
ചന്ദ്രചൂഡ് താമസിക്കുന്ന ഡൽഹി കൃഷ്ണമേനോൻ മാർഗിലെ അഞ്ചാം നന്പർ ബംഗ്ലാവ് ഒഴിപ്പിച്ച് സുപ്രീംകോടതിയുടെ ഭവനസമുച്ചയത്തിലേക്ക് തിരികെ നൽകണമെന്ന് നഗരകാര്യ മന്ത്രാലയത്തിനു നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
പദവിയിൽ ഇരിക്കുന്പോൾ ടൈപ്പ് എട്ട് വിഭാഗത്തിപ്പെടുന്ന വസതികൾ സുപ്രീംകോടതി ജഡ്ജിമാർക്ക് നൽകണമെന്നാണ് നിയമം. വിരമിച്ച ശേഷം ടൈപ്പ് ഏഴ് വിഭാഗത്തിൽപ്പെടുന്ന വീടുകൾ ആറു മാസത്തേയ്ക്ക് വരെ ജഡ്ജിമാർക്ക് നൽകും.
എന്നാൽ കഴിഞ്ഞവർഷം നവംബർ പത്തിന് വിരമിച്ച ചന്ദ്രചൂഡ് ടൈപ്പ് എട്ട് വിഭാഗത്തിൽപ്പെടുന്ന വീട്ടിൽത്തന്നെയാണ് ഇപ്പോഴും താമസം.