ജംഷീറിന്റെ തിരോധാനം സിബിഐ അന്വേഷിക്കും
Saturday, July 5, 2025 1:51 AM IST
ന്യൂഡൽഹി: രണ്ടു വർഷംമുന്പ് കാണാതായ എടപ്പാൾ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിന്റെ (27) തിരോധാനം ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐ അന്വേഷിക്കും. 2023 ഏപ്രിൽ മുതലാണ് ജംഷീറിനെ കാണാതായത്.
ബിഎസ് സി ഇലക്ട്രോണിക്സ് ബിരുദമുള്ള ജംഷീർ 2022 നവംബർ 13നു ജോലിയന്വേഷിച്ച് യുഎഇയിൽ പോയതാണ്. 2023 മാർച്ച് 29 വരെ വാട്സാപ്പിലെ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ജംഷീർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഏപ്രിൽ നാലിനുശേഷം എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടുവെന്നും ഫോണ് സ്വിച്ച്ഓഫായെന്നു കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
രണ്ടു ദിവസത്തിനുശേഷം ജംഷീർ നേപ്പാളിലെ വിമാനത്താവളത്തിൽനിന്ന് ഒരു കിലോ സ്വർണവുമായി അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും, കുറച്ചുദിവസങ്ങൾക്കുള്ളിൽ ജാമ്യം ലഭിക്കുമെന്നും ജംഷീറിന്റെ ജ്യേഷ്ഠസഹോദരന് ജംഷീറിന്റെതന്നെ വാട്സാപ്പ് നന്പറിൽനിന്ന് സന്ദേശം ലഭിച്ചിരുന്നു.
പിന്നീട് കുടുംബം നടത്തിയ അന്വേഷണത്തിൽ ജംഷീർ 2023 മാർച്ച് 22ന് യുഎഇ വിട്ടിരുന്നുവെന്നും അടുത്തദിവസം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയെന്നും യുഎഇ ഇമിഗ്രേഷൻ വിഭാഗത്തിൽനിന്നു മനസിലാക്കി. രണ്ടുവർഷമായി കേസിൽ യാതൊരു പുരോഗതിയും ഉണ്ടാകാതെ വന്നതോടെയാണ് കേസ് സിബിഐക്കു കൈമാറിയിരിക്കുന്നത്.