ബാലികമാരെയുൾപ്പെടെ പുറംലോകമറിയാതെ മറവുചെയ്തു
Monday, July 7, 2025 3:40 AM IST
മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ധര്‍മസ്ഥലയില്‍ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്കൂള്‍ കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്ബന്ധിതനായിട്ടുണ്ടെന്നു മുന്‍ ശുചീകരണതൊഴിലാളി. തന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഒരു അഭിഭാഷകന് മുഖേനയാണ് ഇയാള്‍ ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 1998 നും 2014 നും ഇടയിലുള്ള കാലത്ത് സ്കൂള്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ ധര്‍മസ്ഥലയില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പലരുടെയും മൃതദേഹം താന്‍ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്. ധര്‍മസ്ഥല ക്ഷേത്രഭരണസമിതിക്കു കീഴിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
തന്റെ സൂപ്പര്‍വൈസറാണ് മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിക്കാന്‍ ഉത്തരവിട്ടിരുന്നതെന്നും ഇതൊക്കെ തുറന്നുപറഞ്ഞാല്‍ താനും കൊല്ലപ്പെടുമെന്ന നില വന്നപ്പോള്‍ നാടുവിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കണമെന്നു തോന്നിയതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
ഇയാള്‍ കുഴിച്ചിട്ടതാണെന്നു പറയുന്ന ഏതാനും മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇവ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ ഒരുക്കമാണെന്നും ഈ സ്ഥലങ്ങളില്‍ കുഴിച്ചുനോക്കിയാല്‍ കൃത്യമായ തെളിവുകള്‍ ലഭ്യമാകുമെന്നും ഇയാള്‍ പറയുന്നു.
നീറുന്ന ഓര്‍മയായി സൗജന്യ
മംഗളൂരു: ധര്‍മസ്ഥല കേന്ദ്രീകരിച്ച് ദുരൂഹമരണങ്ങള്‍ നടക്കുന്നതായി നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2012 ല്‍ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.
2012 ഒക്ടോബര്‍ 9ന് വൈകുന്നേരം കോളജില്നിന്നിറങ്ങിയ സൗജന്യയെ ധര്‍മസ്ഥലയ്ക്കു സമീപമുള്ള വനത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ധര്‍മസ്ഥല ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള മൂന്നു യുവാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്നെങ്കിലും പ്രത്യേക അന്വേഷണസംഘവും സിബിഐയും മറ്റൊരാളിനെയാണു പ്രതിയാക്കിയത്.
മതിയായ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തു. സൗജന്യ വധക്കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ഇപ്പോഴും സമരരംഗത്തുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ കേസിനു വീണ്ടും ജീവന് വയ്ക്കുമെന്ന കാര്യം ഉറപ്പാണ്.