ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നേരിട്ടത് മൂന്നു കൂട്ടരെ: കരസേനാ ഉപമേധാവി
Saturday, July 5, 2025 1:52 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് മൂന്നു പ്രതിയോഗികളെ നേരിടേണ്ടി വന്നുവെന്നു കരസേനാ ഉപമേധാവി (ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ്) ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ്.
നാല് ദിവസം നീണ്ടുനിന്ന സൈനികസംഘർഷത്തിൽ ഇന്ത്യ നേരിട്ടേറ്റുമുട്ടിയത് പാക്കിസ്ഥാനോടാണെങ്കിലും ചൈനയും തുർക്കിയും സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് ലഭ്യമാക്കിയിരുന്നതായി കരസേനാ ഉപമേധാവി വ്യക്തമാക്കി.
യുദ്ധമുഖത്ത് ഇന്ത്യയോട് നേരിട്ടു പോരാടിയില്ലെങ്കിലും ’കടം വാങ്ങിയ കത്തി ഉപയോഗിച്ചു കൊല്ലുക’ എന്ന പുരാതന ചൈനീസ് യുദ്ധതന്ത്രമുപയോഗിച്ചാണ് ചൈന ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചതെന്ന് കരസേനാ ഉപമേധാവി ചൂണ്ടിക്കാട്ടി. വടക്കൻ അതിർത്തിയിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഏർപ്പെടുന്നതിനേക്കാൾ അയൽരാജ്യത്തെ ഉപയോഗിച്ച് ഇന്ത്യയെ വേദനിപ്പിക്കാനാണ് ചൈന ശ്രമിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പാക്കിസ്ഥാന്റെ കൈവശമുള്ള 81 ശതമാനം സൈനികോപകരണങ്ങളും ചൈനീസ് നിർമിതമാണെന്ന് വ്യക്തമാകുമെന്ന് ലെഫ്റ്റനന്റ് ജനറൽ സിംഗ് ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ വ്യക്തമാക്കി.
ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള "തത്സമയ ലാബായി’ ഇന്ത്യ-പാക് സംഘർഷത്തെ വിനിയോഗിച്ചുവെന്നും ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സൈനിക വിവരങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈന പാക്കിസ്ഥാനു ലഭ്യമാക്കിയിരുന്നതായും ലെഫ്റ്റനന്റ് ജനറൽ സിംഗ് വെളിപ്പെടുത്തി.
പാക്കിസ്ഥാന് ആയുധം നൽകിയതിലൂടെ ചൈനയ്ക്ക് അവരുടെ ആയുധങ്ങൾ മറ്റുള്ള ആയുധങ്ങൾക്കു നേരേ പരീക്ഷിക്കാൻ കഴിഞ്ഞു. വെടിനിർത്തലിനുവേണ്ടി ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ചർച്ച നടത്തിയപ്പോൾ നമ്മുടെ പ്രധാനപ്പെട്ട സൈനിക വിവരങ്ങളെന്തൊക്കെയാണെന്നു പാക്കിസ്ഥാൻ സൂചിപ്പിച്ചു.
ആക്രമണത്തിനായി നമ്മുടെ ഏതൊക്കെ സൈനിക ഉപകരണങ്ങളാണ് സജ്ജമാക്കിവച്ചിരിക്കുന്നതെന്നും അവ സഞ്ചരിക്കുന്ന ദിശയും പാതയും തങ്ങൾക്കറിയാമെന്നും അതിനാൽ ആക്രമണത്തിൽനിന്ന് പിന്മാറുന്നതായി അപേക്ഷിക്കുന്നതായും അവർ ഡിജിഎംഒ ചർച്ചകൾക്കിടെ സൂചിപ്പിച്ചു. അതിനർഥം അവർക്കു ചൈനയിൽനിന്ന് തത്സമയ വിവരങ്ങൾ ലഭിക്കുന്നുവെന്നാണ്.
അതിനാൽ ഇത്തരം വിവരങ്ങൾ ചൈനയ്ക്കും പാക്കിസ്ഥാനും ലഭ്യമാകുന്നതിൽനിന്ന് അടിയന്തരവും ഉചിതവുമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി. സൈനിക സംഘർഷത്തിനിടയിൽ തുർക്കി നിർമിത ഡ്രോണുകൾ പാക്കിസ്ഥാനു ധാരാളമായി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനും ഇന്ത്യയും ഇനിയൊരു സൈനിക സംഘർഷത്തിലേക്ക് നീങ്ങിയാൽ പാക്കിസ്ഥാൻ ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വച്ചേക്കാമെന്നും നാം അതിനെ പ്രതിരോധിക്കാൻ തയാറായിരിക്കണമെന്നും ലെഫ്റ്റനന്റ് ജനറൽ സിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.