എല്ലാ ജീവജാലങ്ങളും ബന്ധുക്കൾ: ദലൈ ലാമ
Monday, July 7, 2025 3:40 AM IST
ധരംശാല: ബുദ്ധന്റെ അനുയായി എന്ന നിലയിൽ, ബുദ്ധന്റെ പഠിപ്പിക്കലുകൾ പ്രകാരം പെരുമാറുകയും പൊതുജനങ്ങളെ സേവിക്കുകയുമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ.
“എല്ലാ ജീവജാലങ്ങളെയും പരിചരിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് ജനങ്ങളുടെ സ്നേഹമാണ്. എല്ലാ ജീവജാലങ്ങളെയും ബന്ധുക്കളും സുഹൃത്തുക്കളുമായി കണക്കാക്കുന്നു. എല്ലായ്പോഴും ഞാൻ കരുതുന്നത് എല്ലാ ജീവജാലങ്ങളെയും എന്റെ കഴിവിന്റെ പരമാവധി സേവിക്കണമെന്നാണ്”-അദ്ദേഹം പറഞ്ഞു.തൊണ്ണൂറാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കൂടുതൽ ആളുകൾ, അവരുടെ ഹൃദയങ്ങളിൽനിന്നു കൂടുതൽ സന്തോഷം പ്രകടിപ്പിക്കുന്നു. ഇതെന്നെ പ്രചോദിപ്പിക്കുന്നു. മറ്റുള്ളവരെ സേവിക്കുന്നതിലും മറ്റുള്ളവരെ എന്നേക്കാൾ പ്രിയപ്പെട്ടവരായി കരുതുന്നതിലുമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാൻ എന്റെ ജീവിതം പാഴാക്കിയിട്ടില്ല. ദലൈലാമ എന്ന പദവിയിൽ എനിക്ക് അഭിമാനമോ അഹങ്കാരമോ ഇല്ല. ബുദ്ധന്റെ അനുയായി എന്ന നിലയിൽ, ബുദ്ധന്റെ പഠിപ്പിക്കലുകൾ പ്രകാരം പെരുമാറുക, പൊതുജനങ്ങളെ സേവിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം”- അദ്ദേഹം പറഞ്ഞു.
ടിബറ്റൻ ഗായകൻ ജാമിയാൻ ചോഡൻ അവതരിപ്പിച്ച ദലൈലാമയുടെ ഗാനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മംഗോളിയൻ, അൽബേനിയൻ കലാകാരന്മാരുടെ സംഘം അവതരിപ്പിച്ച നൃത്തപരിപാടിയും നടന്നു. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിംഗ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ, ഹോളിവുഡ് നടൻ റിച്ചാർഡ് ഗെറെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ യുഎസ് പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവർ വീഡിയോ സന്ദേശങ്ങൾ വഴി ജന്മദിനാശംസകൾ നേർന്നു.
ദലൈലാമയുടെ പുതിയ ജീവചരിത്രം വരുന്നൂ...
ന്യൂഡൽഹി: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ പുതിയ ജീവചരിത്രം വരുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അരവിന്ദ് യാദവാണ് ദലൈലാമയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് ജീവചരിത്രം പുറത്തിറക്കുന്നത്. ‘എറ്റേണൽ ലൈറ്റ്: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ഹിസ് ഹോളിനസ് ദി ദലൈലാമ’ എന്ന പുസ്തകം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രസാധകരായ വെസ്റ്റ്ലൻഡ് ബുക്സ് അറിയിച്ചു.
14-ാം ദലൈലാമയുടെ ബാല്യകാലം, ടിബറ്റിലെ ചൈനീസ് അധിനിവേശം, നാടുകടത്തൽ, ആഗോള ആത്മീയ നേതാവായുള്ള വളർച്ച എന്നിവയെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ടിബറ്റിന്റെ ചരിത്രത്തെക്കുറിച്ച് ഉൾക്കാഴ്ച നേടാൻ ഈ പുസ്തകം സഹായിക്കുമെന്ന് ദലൈലാമ പ്രസ്താവനയിൽ പറഞ്ഞു.