കോൺഗ്രസിന്റെ ഒബിസി ഉപദേശക സമിതിയിലേക്ക് സിദ്ധരാമയ്യയുടെ പേരും
Monday, July 7, 2025 3:40 AM IST
ബംഗളൂരു: കോൺഗ്രസിന്റെ ഒബിസി ഉപദേശകസമിതിയിലേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നിർദേശിക്കപ്പെട്ടത് രാഷ്ട്രീയ വിവാദമുയർത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനുള്ള നീക്കമാണിതെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
എഐസിസി ഒബിസി ഡിപ്പാർട്ട്മെന്റ് തലവൻ അനിൽ ജയ്ഹിന്ദ് എഴുതിയ കത്തിലാണ് 24 പേരുടെ പേരുകൾ നിർദേശിച്ചിട്ടുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തിനായി പേരുകൾ സമർപ്പിക്കുകയും ചെയ്തു. കോൺഗ്രസ് എംഎൽസി ബി.കെ. ഹരിപ്രസാദ്, മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, വീരപ്പ മൊയ്ലി തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.
സിദ്ധരാമയ്യ ഉടൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര മൈസൂരുവിൽ പറഞ്ഞു.