മുല്ലപ്പെരിയാർ: രാത്രിയിൽ സ്പിൽവേ ഷട്ടർ ഉയർത്താൻ സാധ്യത
Sunday, June 29, 2025 2:11 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്കൊഴുക്കുന്നത് പകൽ വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നിരസിച്ചേക്കും.
രാത്രി തന്നെ ജലം പെരിയാറ്റിലേക്കൊഴുക്കാനാണ് തമിഴ്നാട് നീക്കം. പകൽ മാത്രമെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കാവു എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് രാത്രി ജലനിരപ്പ് 136 അടിയിലെത്തിയാലും സ്പിൽവേ തുറന്നില്ലെങ്കിൽ അത് റൂൾ കർവ് ലംഘനമാകും.
കോടതിയിൽ ഇക്കാര്യം എത്തിയാൽ വിനയാകുമെന്ന കണക്കുകൂട്ടലിൽ കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളാനാണ് സാധ്യത.
ഇന്നലെ വൈകുന്നേരം നാലോടെ ജലനിരപ്പ് 135.87 പിന്നിട്ടിരുന്നു. ജലനിരപ്പ് റൂൾ കർവ് പരിധിയിലെത്താൻ ഏതാനും പോയിന്റുകൾ മാത്രമാണ് ബാക്കി. ഇന്നലെ രാവിലെ ജലനിരപ്പ് 135.60 അടിയായിരുന്നു.
രാവിലെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 3786 ഘനയടി ആയിരുന്നത് വൈകുന്നേരത്തോടെ 5000 ഘനയടി യിലധികം ഉയർന്നു. ജലനിരപ്പ് 136 അടിയിലെത്തുന്നത് ജലവിതാന മേഖല ഏറിയതിനാൽ സാവധാനത്തിലാകും.
മുല്ലപ്പെരിയാർ ഡാം തുറന്നാലും അപകട സാഹചര്യമില്ല
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം തുറന്നാലും അപകടകരമായ സാഹചര്യമില്ലെന്ന് പെരിയാറിന്റെ തീരദേശ വാസികൾ. ഡാമിന്റെ റൂൾ കർവ് അനുസരിച്ച് ഡാമിൽ 136 അടി വെള്ളമെത്തിയാൽ സ്പിൽവേ തുറന്ന് വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കണം.
പെരിയാർ നദിയിൽ ജലനിരപ്പ് തീരെ താഴ്ന്ന നിലയിലായിരിക്കുന്നതിനാൽ ഡാം തുറന്നാലും പെരിയാറിൽ വെള്ളപ്പൊക്കത്തിനുള്ള സാഹചര്യമില്ല.