‘വോട്ടുകിട്ടാൻ നിലവിലെ പ്രവർത്തനം പോരാ’; രാജീവ് ചന്ദ്രശേഖരനെതിരേ വിമർശനം
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: ബിജെപി പരിപാടികളിൽ തങ്ങളെ വിളിക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ച് കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരനും കെ. സുരേന്ദ്രനും .
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമായ ഒരു പരിപാടിയും ചർച്ച ചെയ്യാനോ നടപ്പിലാക്കാനോ നിലവിലെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഇന്നലെ തിരുവനന്തപുരത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
പ്രചാരണത്തിൽ മറ്റു രണ്ടു മുന്നണികളേക്കാളും ഏറെ പുറകിലായിരുന്നു ബിജെപി. പ്രചാരണത്തിൽ ദേശീയ നേതാക്കളെ ആരേയും പങ്കെടുപ്പിക്കാൻ കഴിയാത്തത് വലിയ വീഴ്ചയായി. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി സ്ഥലത്തെ എംപി ആണെങ്കിൽ പോലും പ്രിയങ്ക ഗാന്ധി എത്തിയത് അവർക്ക് ഏറെ ഗുണം ചെയ്തു.
ബിജെപിയുടെ പ്രചാരണ യോഗങ്ങളിൽ പ്രവർത്തകരുടെ സാന്നിധ്യം വളരെക്കുറവായിരുന്നു. ഇക്കാര്യത്തിൽ പരിചയക്കുറവാണോ, അതോ കൂടുതൽ സമയം സ്ഥലത്ത് ഇല്ലാതിരുന്നതാണോ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് പറ്റിയ പിഴവ് എന്ന കാര്യത്തിൽ പാർട്ടി പരിശോധിക്കണമെന്നും കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെയാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. കോർ കമ്മിറ്റി വികാരം താൻ മനസിലാക്കുന്നു. നമുക്ക് ഒരുമിച്ചു പോകാം ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭാരതാംബ വിവാദത്തിൽ താഴെതട്ടിൽ വൻ പ്രചാരണം കൊണ്ടുവരാനും ഇന്നു ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.