ദളിത് എഴുത്തുകാരൻ കെ.എം. സലിംകുമാറിനു വിട
Tuesday, July 1, 2025 2:51 AM IST
കാക്കനാട്: ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം. സലിംകുമാറിന് (76) യാത്രാമൊഴി. കാക്കനാട് ദേശീയ മുക്കിനു സമീപമുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ഞായറാഴ്ച രാവിലെ മുതൽ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
രാത്രിയോടെ ജന്മനാടായ മൂലമറ്റം വെള്ളിമറ്റത്തെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ കരിപ്പിലങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റത്തിനു സമീപം കുന്നത്തുമാണിക്കന്റെയും, കോതയുടെയും മകനായി 1949 മാര്‍ച്ച് 10 നാണ് സലിംകുമാര്‍ ജനിച്ചത്. നാളിയാനി ട്രൈബല്‍ എല്‍പി സ്കൂള്‍, പൂച്ചപ്ര, അറക്കുളം യുപി സ്കൂള്‍, മൂലമറ്റം ഗവ. ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി പഠനകാലത്ത് നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. അതിനുശേഷം രണ്ടു പതിറ്റാണ്ടോളം സിപിഐ (എംഎല്)സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും അനുഭവിച്ചു.