ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഹെൽത്ത് കമ്മീഷൻ
Tuesday, July 1, 2025 2:51 AM IST
തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണപരാജയത്തത്തുടർന്ന് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീർണവും ഗുരുതരവുമായ പ്രശ്നങ്ങൾ പഠിക്കാനും ദീർഘകാല വീക്ഷണത്തോടെയുള്ള പരിഹാര മാർഗങ്ങൾ നിർദേശിക്കാനും യുഡിഎഫ് ഹെൽത്ത് കമ്മീഷൻ രൂപീകരിച്ചു.
ആഗോള ആരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്. ലാൽ അധ്യക്ഷനായ അഞ്ചംഗ സമിതിയെ ആണു പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുൾപ്പെടെ വിവിധ യുഎൻ പ്രസ്ഥാനങ്ങളിലും സമാന അന്തർദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ച ഡോ. ലാൽ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാപസഫിക് ഡയറക്ടറും പൊതുജനാരോഗ്യ പ്രഫസറും യുഎൻ കണ്സൾട്ടന്റുമാണ്.
മൂന്നു മാസത്തിനുള്ളിൽ സമിതി പ്രഥമ റിപ്പോർട്ടും ആറു മാസത്തിനുള്ളിൽ സന്പൂർണ റിപ്പോർട്ടും സമർപ്പിക്കും. പൊതുജനങ്ങളെയും സർക്കാർ ആശുപത്രി ജീവനക്കാരെയും സർക്കാരിതര ആരോഗ്യ പ്രവർത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരിൽ കണ്ട് വിശദമായ തെളിവു ശേഖരണം നടത്തിയായിരിക്കും റിപ്പോർട്ട് തയാറാക്കുക. യുഡിഎഫ് നിർദേശിക്കാൻ പദ്ധതിയിടുന്ന ബദൽ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മീഷൻ റിപ്പോർട്ട്.
‘ശരിയായ ജീവിതശൈലി ’ രംഗത്തെ വിദഗ്ധനും പ്രചാരകനും ദേശീയ ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ ഉപദേശകനുമായ ഡോ. ശ്രീജിത് എൻ. കുമാർ, പുഷ്പഗിരി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പി.എൻ. അജിത, കോഴിക്കോട് മെഡിക്കൽ കോളജിലെ റിട്ടയേർഡ് സിവിൽ സർജൻ ഡോ. ഒ.ടി. മുഹമ്മദ് ബഷീർ എന്നിവരാണു സമിതി അംഗങ്ങൾ.