‘സെൻസർ കട്ടിനെതിരേ, കത്രികകൾ കുപ്പത്തൊട്ടിയിലിട്ട് ’ സിനിമാ സംഘടനകളുടെ സമരം
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരു മാറ്റണമെന്ന സെൻസർബോർഡിന്റെ തീരുമാനത്തിനെതിരേ സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ സെൻസർ ബോർഡ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ സമരം.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന സെൻസർ ബോർഡ് റീജണൽ ഓഫീസിനു മുന്നിലായിരുന്നു സമരം.
‘സെൻസർ കട്ടിനെതിരെ, കത്രികകൾ കുപ്പത്തൊട്ടിയിലിട്ട് ’ എന്ന പ്രഖ്യാപനവുമായായിരുന്നു സമരം നടത്തിയത്. ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ ‘സ്റ്റാർട്ട്’ പറഞ്ഞപ്പോൾ പ്രതിഷേധക്കാർ കത്രികകൾ കുപ്പത്തൊട്ടിയിലിട്ടു പ്രതിഷേധ സമരത്തിൽ പങ്കാളികളായി. ‘സെൻസർ ബോർഡിന്റെ നീതി നിഷേധത്തിനെതിരേ പോരാടുക, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യം വിളിച്ച് പ്രകടനവും നടത്തി.
സംവിധായകരായ ഷാജി കൈലാസ്, കമൽ, വിധു വിൻസെന്റ്, സിബി മലയിൽ, താരങ്ങളായ ഇന്ദ്രൻസ്, മണിയൻപിള്ള രാജു, അൻസിബ, ബാബുരാജ്, സരയൂ, ജയൻ ചേർത്തല, ടിനി ടോം, പ്രൊഡ്യൂസർ രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്ത് നിന്ന് നിരവധി പേർ സമരത്തിന്റെ ഭാഗമായി.