കാറിലിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാം!
Tuesday, July 1, 2025 2:51 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: കാറിലിരുന്ന് ട്രെയിൻ യാത്ര സാധ്യമാകുന്ന പുതിയ പരിഷ്കരണത്തിന് ഇന്ത്യൻ റെയിൽവേ തയാറെടുപ്പുകൾ ആരംഭിച്ചു. കൊങ്കൺ പാതയിലൂടെ റോൾ-ഓൺ, റോൾ-ഓഫ് (റോ-റോ) സർവീസ് നടപ്പാക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.
സ്വകാര്യ വാഹനങ്ങൾ, എസ്യുവി എന്നിവ ട്രെയിൻ വാഗണുകളിൽ കൊണ്ടുപോകാൻ സൗകര്യമൊരുക്കുന്ന ഒരു പൈലറ്റ് സർവീസാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ സ്വന്തം കാറിനുള്ളിൽതന്നെ ഇരുന്നു ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും. വരാൻ പോകുന്ന ഗണേശോത്സവവുമായി ബന്ധപ്പെട്ടാണ് കൊങ്കൺ റെയിൽവേ ഇങ്ങനെയൊരു പുതിയ സർവീസ് നടപ്പാക്കുന്നത്.
നിലവിൽ ദീർഘദൂര യാത്ര ചെയ്യുന്ന ട്രക്കുകൾക്ക് ഇത്തരത്തിൽ റോ-റോ സേവനം ലഭ്യമാണ്.ഇന്ധനം ലാഭിക്കാൻ മാത്രമല്ല യാത്രാ സമയവും ട്രാഫിക് തിരക്കും കുറയ്ക്കാൻ ഇതു വളരെ സഹായകമാണ്.
പുതിയ സംവിധാനം നടപ്പിൽ വരുന്നതിന്റെ ഭാഗമായി വാഗണുകളിൽ കാറുകൾ കൊണ്ടുപോകുന്നതിനു വേണ്ട മാറ്റങ്ങൾ വരുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കുക മാത്രമല്ല കാർബൺ ബഹിർഗമനം കുറച്ച് കാറുകൾക്കുള്ളിലിരുന്ന് സുഗമമായി ട്രെയിൻ യാത്രയും കാഴ്ചകളും ആസ്വദിക്കാനും സാധിക്കും. കൊളാഡ് മുതൽ ഗോവ വരെയുള്ള റൂട്ടാണ് പൈലറ്റ് സർവീസിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഓഗസ്റ്റ് 27 മുതൽ പദ്ധതി ആരംഭിക്കുമെന്നാണ് കൊങ്കൺ റെയിൽവേ അധികൃതർ നൽകുന്ന സൂചനകൾ. പരീക്ഷണം വിജയിച്ചാൽ രാജ്യത്തുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിലടക്കം സമാനമായ റോ-റോ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചേക്കാം.