തീരുമാനം സർക്കാരിന്റേതെന്നു പി. ജയരാജൻ
Tuesday, July 1, 2025 2:51 AM IST
പാലക്കാട്: എല്ലാവർക്കും നീതി ഉറപ്പാക്കുന്ന പോലീസ് സംവിധാനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ബാക്കിയെല്ലാം സർക്കാരാണ് തീരുമാനിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ച മന്ത്രിസഭാതീരുമാനത്തോടു പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ രാഷ്ടീയ നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. സർക്കാരിനു മുന്നിൽവന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. അക്കാര്യം വിശദീകരിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ഉദ്യോഗസ്ഥരും പലഘട്ടത്തിലും സിപിഎമ്മിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനു മുന്നിൽവന്ന മറ്റൊരു പേരായ നിതിൻ അഗർവാളിനെതിരേ സിപിഎം പരാതിനൽകിയിരുന്നു. സിപിഎം-ആർഎസ്എസ് സംഘർഷമുണ്ടായിരുന്ന സമയത്തു സിപിഎമ്മിന്റെ നിലവിലെ ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ ഭീകരമായി തല്ലിച്ചതച്ച കേസിൽ നിതിൻ അഗർവാൾ പ്രതിയായിരുന്നു.
ഇന്നു യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരുകൾ സർക്കാരിന്റെ പരിഗണനയ്ക്കു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. ചുമതലയേറ്റതിനുശേഷം രവാഡ എടുക്കുന്ന നടപടികളെക്കുറിച്ചു പറയാമെന്നും പി. ജയരാജൻ വ്യക്തമാക്കി.