മെഡിക്കൽ കോളജ് ചികിത്സാ പ്രതിസന്ധി: പരാതിയിൽ ഉറച്ച് ഡോ. ഹാരിസ്
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധിയിയെക്കുറിച്ചുള്ള യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ പരാതിയിൽ സർക്കാർ അന്വേഷണം തുടങ്ങി.
ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകൾ മുടങ്ങിയെന്ന ഡോക്ടറുടെ പരാതി അന്വേഷിക്കാർ സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ഡോ. ഹാരിസ് അടക്കം മറ്റു വകുപ്പു മേധാവികളുടെയും മൊഴിയെടുത്തു. സമിതിക്കു മുന്നിലും തന്റെ പരാതിയിൽ ഹാരിസ് ഉറച്ചുനിൽക്കുകയാണ്.
അന്വേഷണ സമിതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ ഒരു വർഷത്തെ രേഖകൾ ശേഖരിച്ചു.
ആശുപത്രി പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരിൽ നിന്നും സമിതി മൊഴിയെടുത്തു. ഡോ. ഹാരിസിന്റെ മൊഴിയാണു നാലംഗ സമിതി ആദ്യം രേഖപ്പെടുത്തിയത്. തന്റെ പരാതിയിൽ നിന്നും ഒരു വിധത്തിലും പിന്നോട്ടുപോകില്ലെന്ന നിലപാടാണു സമിതിക്കു മുന്പാകെ അദ്ദേഹം സ്വീകരിച്ചത്.
കഴിഞ്ഞ ഒരു വർഷമായി യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ മെല്ലെപ്പോക്കെന്ന് ഹാരിസ് സമിതിയെ അറിയിച്ചു. എന്നാൽ ഹാരിസിനെ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലെ മേധാവികൾ പിന്തുണച്ചില്ല.
സാധാരണയായി ഉണ്ടാകാറുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് ഇവർ അറിയിച്ചത്. ആശുപത്രി സൂപ്രണ്ടും ഹാരിസിനെ പിന്തുണച്ചില്ല. വേഗത്തിൽ റിപ്പോർട്ടു നൽകാനാണു സമിതിയോടു സർക്കാർ നിർദേശിച്ചിരിക്കുന്നത്.
ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിൽ ആരോഗ്യവകുപ്പു പ്രതിരോധത്തിലായ സാഹചര്യത്തിലാണു സർക്കാർ നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്.