വന്യജീവി സംരക്ഷണ നിയമം കേന്ദ്രസർക്കാർ ഉടൻ ഭേദഗതി ചെയ്യണം: അഖിലേന്ത്യാ കിസാൻ സഭ
Tuesday, July 1, 2025 2:51 AM IST
കണ്ണൂർ: വന്യ മൃഗങ്ങളിൽനിന്നു കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ വന്യജീവി സംരക്ഷണ നിയമം ഉടൻ കേന്ദ്രസർക്കാർ ഭേദഗതി ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ വന്യജീവി നയമാണ് ക്ഷുദ്രജീവികളെ കർഷകർക്കു നിയന്ത്രിക്കാൻ പറ്റാതാക്കിയത്. പന്നിയും കുരങ്ങുമടക്കമുള്ളവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നിയന്ത്രിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കാൻ കിസാൻ സഭ മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.
നായനാർ അക്കാദമിയിൽ രണ്ടു ദിവസമായി നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ രാജ്യത്തെ കാർഷിക സാഹചര്യം, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ, കോർപറേറ്റ് അനുകൂല നയങ്ങൾ എന്നിവ ചർച്ച ചെയ്തു.
ഫെഡറൽ തത്ത്വം ലംഘിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാതെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവയ്ക്കുകയാണ്. കർഷകരുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്ന ഈ കരാറുകൾക്കെതിരായ പ്രതിഷേധം ജൂലൈ ഒമ്പതിന് ദേശീയ പണിമുടക്കിൽ പ്രകടമാകും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, നേതാക്കളായ പി. കൃഷ്ണ പ്രസാദ്, ഇ.പി. ജയരാജൻ, എം. വിജയകുമാർ, വത്സൻ പനോളി, ഡി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.