"ജാനകി' ആരുടെ മതവികാരമാണു വ്രണപ്പെടുത്തുന്നതെന്ന് കോടതി
Tuesday, July 1, 2025 2:52 AM IST
കൊച്ചി: ജാനകി എന്ന പേര് ആരുടെ മതവികാരമാണു വ്രണപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ലെന്നു ഹൈക്കോടതി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) എന്ന സിനിമയുടെ പേര് ചില മത വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണു സിനിമ സര്ട്ടിഫിക്കേഷന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും മതവുമായി ബന്ധപ്പെട്ട പേരുകളാണ് ഉള്ളതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപി നായകനായ സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. സിനിമയുടെ പേര് മൂന്നു മാസം മുമ്പ് അംഗീകരിച്ചിരുന്നതാണെന്നും പ്രദര്‍ശനത്തോടനുബന്ധിച്ച് സമാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിച്ചപ്പോഴാണ് പേരു മാറ്റാന്‍ നിര്‍ദേശിച്ചതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു.
2023ല്‍ ‘ജാനകി ജാനേ’ എന്ന പേരില്‍ മലയാളത്തില്‍ സിനിമ ഇറങ്ങിയപ്പോള്‍ പ്രശ്നമുണ്ടായിട്ടില്ല. മത വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഘടകങ്ങളുള്ളതിനാലാണു സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി മാറ്റങ്ങള്‍ നിര്‍ദേശിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അപ്പോഴാണ്, ആരുടെ വികാരമാണു സിനിമ വ്രണപ്പെടുത്തുന്നതെന്ന ചോദ്യം കോടതി ഉന്നയിച്ചത്. ജാനകി ബലാല്‍സംഗം ചെയ്ത കഥാപാത്രമല്ലല്ലോയെന്നും പോരാടി ജയിച്ച നായികയല്ലേയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.