ഫോണ്‍ ചോര്‍ത്തല്‍ : പി.വി. അന്‍വറിനെതിരേ സ്വീകരിച്ച നടപടികള്‍ ഹര്‍ജിക്കാരനെ അറിയിക്കണമെന്നു ഹൈക്കോടതി
Tuesday, July 1, 2025 2:51 AM IST
കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ പരാതിയില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിനെതിരേ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹര്‍ജിക്കാരനെ അറിയിക്കണമെന്നു ഹൈക്കോടതി. ഗുരുതരമായ ആരോപണമാണു പി.വി. അന്‍വറിനെതിരേ പരാതിക്കാരന് ഉന്നയിച്ചിരിക്കുന്നത്.
തെളിവു ശേഖരിക്കാനെന്ന പേരില്‍ മറ്റുള്ളവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായി അന്വര്തന്നെ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. ജനപ്രതിനിധിയാണെങ്കിലും സമാന്തര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാനാകില്ലെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന് നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കിയത്.
എംഎല്‍എയായിരുന്നപ്പോള്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതു ഗുരുതരമായ കേസാണെന്നും സംസ്ഥാന പോലീസ് മേധാവി പരിശോധിക്കേണ്ടതാണെന്നും കോടതി വിലയിരുത്തി. മലപ്പുറം ഡിവൈഎസ്പി കേസന്വേഷിച്ച് നടപടികള്‍ അവസാനിപ്പിച്ചതായി ഹര്ജിക്കാരന് അറിയിച്ചിരുന്നു.
പോലീസിനു നടപടിയെടുക്കാന്‍ മതിയായ തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. എന്നാല്‍, തെളിവു ശേഖരിക്കേണ്ടതു പരാതിക്കാരനല്ല, പോലീസാണെന്നു കോടതി പറഞ്ഞു.
നിലവിലെ അന്വേഷണം തൃപ്തികരമല്ല. പരാതിയില്‍ ഡിജിപി നിയമാനുസൃതം നടപടി സ്വീകരിക്കണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്കു മാത്രമല്ല, എംഎല്‍എയ്ക്കും ബാധകമാണന്നും കോടതി വ്യക്തമാക്കി.