മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി
Sunday, June 29, 2025 2:11 AM IST
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ ഒരു രൂപ പോലും ചെലവഴിക്കേണ്ടിവരില്ലെന്ന് മന്ത്രി സജി ചെറിയാന്.
ഇഷ്ടമുള്ള അത്രയും പഠിക്കാമെന്നും സഹായവുമായി സര്‍ക്കാര്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്കി. കുഴുപ്പിള്ളിയില്‍ മത്സ്യഫെഡിന്റെ മികവ് 2025 വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് ഈ വര്‍ഷം 26 കുട്ടികളാണു മെഡിക്കല്‍ വിദ്യാഭ്യാസത്തിനു പ്രവേശനം നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രഫഷണല്‍ വിദ്യാഭ്യാസം നല്‍കുന്നതിനായി 56 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. വിദേശത്തു പോയി ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായിക്കും.
മത്സ്യബന്ധന വകുപ്പ് നടത്തിയ സര്‍വേയില്‍ വലിയൊരു ശതമാനം വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിനു കീഴിലുള്ള 10 ടെക്നിക്കല്‍ സ്കൂളുകളിലും പ്രമോട്ടര്‍മാരെ നിയമിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 6000 വീടുകള്‍ പൂര്‍ത്തിയായി. 1300 ഫ്ലാറ്റുകളുടെ താക്കോല്‍ദാനം അടുത്ത മാസം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംയോജിത ആധുനിക നായരമ്പലം മത്സ്യഗ്രാമം പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും ഓട്ടോ കിയോസ്കുകളുടെ വിതരണവും ദേശീയതലത്തില്‍ മികച്ച എഫ്എഫ്പിഒയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഞാറക്കല്‍ നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘത്തെ ആദരിക്കലും ഇൻഷ്വറന്‍സ് ധനസഹായ വിതരണവും നിര്‍വഹിച്ചു.
കുഴുപ്പിള്ളി അയ്യമ്പിള്ളി സഹകരണ നിലയത്തില്‍ നടന്ന ചടങ്ങില്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് എംഡി ഡോ. പി. സഹദേവന്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് തുടങ്ങിയവരും പങ്കെടുത്തു.