ഇടത്, വലത് മുന്നണി വോട്ടുകളിൽ ചോർച്ച
Tuesday, June 24, 2025 1:03 AM IST
എടക്കര: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണി വോട്ടുകളിൽ ചോർച്ച. ഇടതുപക്ഷത്തുനിന്നാണ് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായിട്ടുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14,567 വോട്ടുകളുടെ കുറവാണ് ഇടതുമുന്നണിക്കുണ്ടായിട്ടുള്ളത്.
2021ൽ ഇടത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 81,227 വോട്ടുകളാണു നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശ് 78,527 വോട്ടുകളും നേടിയിരുന്നു. 2,700 വോട്ടുകൾക്കാണ് പി.വി. അൻവർ അന്ന് വിജയിച്ചത്. ബിജെപി സ്ഥാനാർഥി 8,595 വോട്ടുകളും നേടിയിരുന്നു.
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും 2021 ലെ തെരഞ്ഞെടുപ്പിൽ മുന്നണി നേടിയ വോട്ട് നിലനിർത്താനോ ഉയർത്താനോ കഴിഞ്ഞില്ല.
77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. 2021 നേക്കാൾ 790 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണയുണ്ടായിട്ടുള്ളത്. നാലു വർഷംകൊണ്ടുണ്ടായ പുതിയ വോട്ടുകൾ പരിഗണിക്കാതെയാണ് ഈ കണക്കുകൾ. ഇടത്, വലത് മുന്നണികളുടെ വോട്ട് നിലയിൽ ഉണ്ടായ കുറവ് സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി.വി. അൻവറിനാണ് നേട്ടമുണ്ടാക്കിയത്. 19,760 വോട്ടുകളാണ് അൻവർ നേടിയത്.
ബിജെപിക്കാകട്ടെ നാലു വർഷത്തിനു ശേഷം 53 വോട്ടുകളുടെ വർധന മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളൂ. ആര്യാടൻ ഷൗക്കത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ 44.17 ശതമാനവും ഇടത് സ്ഥാനാർഥി എം. സ്വരാജ് 37.88 ശതമാനവും പി.വി. അൻവർ 11.23 ശതമാനവും വോട്ട് നേടി.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജിനു കിട്ടിയത് 4.91 ശതമാനം വോട്ടാണ്. എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി 2,075 വോട്ടും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച എൻ. ജയരാജൻ 52 വോട്ടുകളും പി. രാധാകൃഷ്ണൻ നന്പൂതിരിപ്പാട് 43 വോട്ടുകളും വിജയൻ 85 വോട്ടുകളും ജി. സതീഷ് കുമാർ 114 വോട്ടുകളും ജി. ഹരിനാരായണൻ 185 വോട്ടുകളും നേടി.
630 വോട്ടുകളാണ് അസാധുവായി രേഖപ്പെടുത്തിയത്. 75.27 ശതമാനം പോളിംഗാണ് നടന്നത്. ആകയുള്ള 2,32,057 വോട്ടർമാരിൽ 1,74,667 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.
നില മെച്ചപ്പെടുത്താനാകാതെ എൻഡിഎ
നിലന്പൂർ: ഉപതെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനാകാതെ എൻഡിഎ. സ്ഥാനാർഥി മോഹൻ ജോർജിന് ലഭിച്ചത് 8,648 വോട്ടുകൾ മാത്രം. 2021ൽ എൻഡിഎ സ്ഥാനാർഥി ടി.കെ. അശോക് കുമാർ 8,594 വോട്ടാണു നേടിയിരുന്നത്.
ഇതിൽ 53 വോട്ടുകളുടെ വർധന മാത്രമാണ് ഇക്കുറിയുണ്ടായത്. മണ്ഡലത്തിൽ 7,787 പുതിയ വോട്ടർമാർകൂടി വർധിച്ചപ്പോഴാണ് ഈ നാമമാത്ര വർധന. അവസാന നിമിഷം ബിജെപിയിൽനിന്ന് ഒരു വിഭാഗം വോട്ടുകൾ ചോർന്നതായി സ്ഥാനാർഥി മോഹൻ ജോർജ് തന്നെ പ്രതികരിച്ചിരുന്നു.
ബിജെപിയിൽനിന്നു കുറച്ച് വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്കു പോയതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. എന്തായാലും ബിജെപി വോട്ടുകൾ ഇക്കുറി വലിയ തോതിൽ ചോർന്നിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.