പൾസർ സുനി പുറത്തേക്ക്
Wednesday, September 18, 2024 1:57 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി (എൻ.എസ്. സുനിൽ) ഏഴര വർഷത്തെ ജയിൽവാസത്തിനൊടുവിലാണു ജാമ്യത്തിൽ പുറത്തിറങ്ങാനൊരുങ്ങുന്നത്. പത്തിലധികം തവണ ഹൈക്കോടതിയിലും മൂന്നുവട്ടം സുപ്രീംകോടതിയിലും ജാമ്യഹർജി നൽകിയ സുനിയ്ക്ക് വിചാരണനടപടികൾ നീളുന്നതാണു ജാമ്യത്തിലേക്കു വഴിതുറന്നത്.
കൊച്ചിയിൽ 2017 ഫെബ്രുവരി 17ന് ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടതിന്റെ ആറാം നാൾ നാടകീയമായി കീഴടങ്ങിയതു മുതൽ, സുനിയുടെ നീക്കങ്ങൾ ഈ കേസിന്റെ നാൾവഴികളിൽ മുഖ്യ ചർച്ചാവിഷയം കൂടിയായിരുന്നു.
ജയിലിനകത്തായിരിക്കുന്പോഴും സുനിയുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഫോൺ സംഭാഷണങ്ങളും നടൻ ദിലീപ് ഉൾപ്പെടെ കേസിലെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന തെളിവുകളുമെല്ലാം ചൂടേറിയ ചർച്ചകളായി.
2017 ഫെബ്രുവരി 23നാണ് സുനി എറണാകുളം ജില്ലാ കോടതിയിൽ കീഴടങ്ങിയത്. തനിക്കായി നാടെങ്ങും വലവിരിച്ച പോലീസിന്റെ കണ്ണുവെട്ടിച്ചു നാടകീയമായിരുന്നു കീഴടങ്ങൽ. എറണാകുളം സബ് ജയിലിലുള്ള സുനി ജാമ്യം തേടി പത്തിലേറെ തവണ ഹൈക്കോടതിയിൽ ഹർജി നൽകി.
തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിനു കഴിഞ്ഞ ജൂണിൽ ഹൈക്കോടതി 25,000 രൂപ പിഴശിക്ഷ വിധിച്ചു. ജാമ്യഹർജി തള്ളി മൂന്നാം ദിവസം അതേ കാരണങ്ങൾ നിരത്തി വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനായിരുന്നു ശിക്ഷ.
തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യുന്നിനു പൾസർ സുനിക്കു ബാഹ്യസഹായം ലഭിക്കുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. തുടർന്നാണ് സുനി സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകിയത്.
ജാമ്യത്തെ എതിർത്ത് സർക്കാർ
സുനി ജയിൽമോചിതനായാൽ കേസിലെ നിർണായകമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നു സർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിട്ടും തനിക്കു മാത്രം പുറത്തിറങ്ങാനായിട്ടില്ലെന്നതും വിചാരണ അനന്തമായി നീളുന്നതുമാണ് സുനി ജാമ്യാപേക്ഷയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
സുപ്രീംകോടതിയിൽ നൽകിയ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് സുനിക്ക് അനുകൂല വിധിയുണ്ടാകുന്നത്. ഇപ്പോൾ അനുവദിച്ചിട്ടുള്ള ജാമ്യത്തിലെ വ്യവസ്ഥകൾ വിചാരണക്കോടതിയാകും നിശ്ചയിക്കുക. 2023 ൽ പിതാവ് മരിച്ചപ്പോൾ അന്ത്യകർമം ചെയ്യാൻ പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി ഒരു ദിവസത്തെ താത്കാലികജാമ്യം അനുവദിച്ചിരുന്നു.
വിധി നവംബറിൽ?
കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ 261 സാക്ഷികളുടെ വിസ്താരം വിചാരണക്കോടതി പൂർത്തീകരിച്ചിട്ടുണ്ട്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി അന്തിമവാദത്തിലേക്കു കടക്കാനിരിക്കുന്ന ഘട്ടത്തിലാണു ഒന്നാം പ്രതിക്കു ജാമ്യം കിട്ടുന്നത്.
കേസിന്റെ ആദ്യഘട്ടത്തിൽ ആക്രമിക്കപ്പെട്ട വാഹനത്തിലുണ്ടായിരുന്നവരടക്കം ആറുപേരെയാണ് പ്രതി ചേർത്തത്. പിന്നീട് നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി. 2017 ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് 86 ദിവസം ജയിൽവാസത്തിനുശേഷം ജാമ്യം കിട്ടി.
2020 ജനുവരി 30നു കേസിന്റെ വിചാരണ ആരംഭിച്ചു. സാക്ഷിവിസ്താരം പൂർത്തിയാകാനിരിക്കെ സംവിധായകൻ ബാലചന്ദ്രകുമാർ, നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഇതോടെ കേസിൽ പുനരന്വേഷണം ആരംഭിച്ചു.
രണ്ടാംഘട്ട കുറ്റപത്രം കൂടി സമർപ്പിച്ച് വീണ്ടും വിചാരണ നടപടികൾ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസം പ്രതിഭാഗം അഭിഭാഷകൻ വിസ്തരിച്ചു. ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിനു പറയാനുള്ളതുകൂടി കേട്ടശേഷം നവംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് കേസിൽ വിധി പറഞ്ഞേക്കും.