കൊച്ചി: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയും കുറയുമ്പോൾ സാന്ത്വനവും പരിഹാരവും നൽകുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകർ മാറണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സഭയുടെ കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോ-ലൈഫ് എന്നീ വിഭാഗങ്ങളുടെ രൂപത ഡയറക്ടർമാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സങ്കടങ്ങളിലും പ്രതിസന്ധികളിലുമാകുന്ന കുടുംബാംഗങ്ങളുടെ ഹൃദയങ്ങളോട് ചേർന്നു നിൽക്കണം. കുടുംബങ്ങൾക്ക് സ്വർഗീയ സാന്നിധ്യം പകരാൻ കുടുംബപ്രേഷിതർ ശ്രമിക്കണമെന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സഭാ കമ്മീഷനാണു സമ്മേളനം സംഘടിപ്പിച്ചത്. അപ്പസ്തോലന്മാരുടെ ദൗത്യമാണ് കുടുംബ പ്രേഷിതരുടേതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമിപ്പിച്ചു. ആയുധമല്ല, ആൾബലമാണ് സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്. ജനസംഖ്യാപരമായ ഇടിവ് ഉണ്ടാകുമ്പോൾ പരിഹാരമാർഗങ്ങൾ തേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങളിലെയും സമൂഹത്തിലെയും വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വ്യക്തികളെ പ്രാപ്തരാക്കാൻ കുടുംബ ശുശ്രൂഷകർക്ക് ഉത്തരവാദിത്വമുണ്ടെന്ന് കമ്മീഷൻ അംഗം ബിഷപ് മാർ ജോസ് പുളിക്കൽ ആശംസാസന്ദേശത്തിൽ ഓർമിപ്പിച്ചു.
സിബിസിഐ അല്മായ കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ രൂപതകളിൽനിന്നായി 45 ഭാരവാഹികൾ പങ്കെടുത്തു. എല്ലാ രൂപതകളിലും പിതൃവേദി രൂപീകരിക്കുക, വിവാഹ ഒരുക്ക കോഴ്സിന്റെ സിലബസ് പരിഷ്കരിക്കുക, വയോധികരെയും ഏകാന്തത അനുഭവിക്കുന്നവരെയും ചേർത്തു പിടിക്കുക, ജോലിക്കും പഠനത്തിനുമായി വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങളെ സഭയോട് ചേർത്തുനിർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ സമ്മേളനത്തിൽ സമർപ്പിച്ചു.
കമ്മീഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ. മാത്യു ഓലിക്കൽ, ഫാ. ഡെന്നി താണിക്കൽ, ഫാ. ലോറൻസ് തൈക്കാട്ടിൽ, സാബു ജോസ്, ഡെയ്സൺ പാണേങ്ങാടൻ, ബീന ജോഷി, ആൻസി ചേന്നോത്ത്, ടോണി ചിറ്റിലപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.