നിയമനടപടികളുമായി മുന്നോട്ടുപോകും: മാത്യു കുഴല്നാടന്
Friday, September 29, 2023 3:07 AM IST
കൊച്ചി: പൊതുസമൂഹത്തിനു മുന്നില്‍ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞശേഷം അങ്ങനെ പറഞ്ഞില്ലെന്നു വക്കീല്‍ നോട്ടീസിന് മറുപടി നല്കി പിന്തിരിഞ്ഞോടുന്ന സമീപനമാണു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് സ്വീകരിക്കുന്നതെന്ന് മാത്യു കുഴല്നാടന് എംഎൽഎ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചു. “സര്‍ക്കാര്‍ വേട്ടയാടല്‍ തുടരുമ്പോഴും ഞാന്‍ പറയുന്നു.
ഏതറ്റംവരെ പോകേണ്ടിവന്നാലും എത്ര അസ്ത്രങ്ങള്‍ ഏല്‍ക്കേണ്ടിവന്നാലും പോരാട്ടം തുടരും. വക്കീല്‍ നോട്ടീസിന് മറുപടി നല്കിയതുകൊണ്ട് ഇതവസാനിക്കില്ല. മോഹനനെതിരേ നിയമപരമായി മുന്നോട്ടുപോകും.
തങ്ങള്‍ക്കെതിരേ പോരാടുന്നവരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് പൊതുസമൂഹത്തിനു മുന്നില്‍ അവരെ പുകമറയിലാക്കി മനോവീര്യം തകര്‍ത്ത് അടിച്ചമര്‍ത്തുന്നത് സിപിഎമ്മിന്റെ തന്ത്രമാണ്”- മാത്യു കുഴല്നാടന് പറഞ്ഞു.