പി.വി. അൻവർ എംഎൽഎയുടെ മിച്ചഭൂമിക്കേസ്: താലൂക്ക് ലാൻഡ് ബോർഡ് അട്ടിമറി നടത്തിയെന്ന് പരാതിക്കാരൻ
Friday, September 29, 2023 3:07 AM IST
കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതിൽ താമരശേരി ലാൻഡ് ബോർഡ് അട്ടിമറി നടത്തിയതായും 19 ഏക്കർ മിച്ച ഭൂമി ഒടുവിൽ 6.25 ഏക്കർ ഭൂമിയായി ചുരുങ്ങിയതു സംശയാസ്പദമാണെന്നും പരാതിക്കാരനായ മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി.
ഷാജി നൽകിയ പരാതിയെത്തുടർന്നാണ് അൻവറിൽനിന്ന് 6.25 ഏക്കർ മിച്ച ഭൂമി തിരിച്ചുപിടിക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്.
അൻവറും കുടുംബവും 19.26 ഏക്കർ മിച്ച ഭൂമി കൈവശം വച്ചിരിക്കുന്നതായി നേരത്തേ കണ്ടെത്തിയ ലാൻഡ് ബോർഡ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയപ്പോൾ പിടിച്ചെടുക്കേണ്ട ഭൂമി ആറേക്കറായി ചുരുക്കിയതിനു പിന്നിൽ ഉദ്യോഗസ്ഥ ഒത്തുകളിയാണെന്നാണ് ഷാജിയുടെ ആരോപണം.
താൻ നൽകിയ മുഴുവൻ തെളിവുകളും ലാൻഡ് ബോർഡ് പരിഗണിച്ചില്ലെന്നും അൻവർ നൽകിയ വിവരങ്ങളാണ് മുഖവിലയ്ക്കെടുത്തതെന്നും ഷാജി കൂട്ടിച്ചേർത്തു. എന്നാൽ അൻവർ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂപരിധി നിയമത്തിലെ ഇളവുകൾ അനുവദിക്കുകയായിരുന്നെന്നാണ് ലാൻഡ് ബോർഡ് അധികൃതരുടെ വിശദീകരണം.
പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുള്ളതായി ലാൻഡ്ബോർഡ് കണ്ടെത്തിയത് 31.26 ഏക്കർ ഭൂമിയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലും അധികമുള്ള 19.26 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ മാസം താമരശേരി താലൂക്ക് ലാൻഡ്ബോർഡ് ചെയർമാൻ നോട്ടീസയച്ചിരുന്നു.