റഷ്യൻ യുവതിയെ നാട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം: യുവതിയെ കൊണ്ടുപോകാന്‍ റഷ്യന്‍ കോണ്‍സുലേറ്റ്
Sunday, March 26, 2023 1:36 AM IST
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശിയുടെ പീഡനത്തെതുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റഷ്യന്‍ യുവതിയെ നാട്ടിലെത്തിക്കാന്‍ റഷ്യന്‍ കോണ്‍സുലേറ്റ് ശ്രമം തുടങ്ങി.
സിറ്റി പോലീസ് കമ്മീഷണറുമായും ജില്ലാ ഭരണകുടവുമായും റഷ്യന്‍ കോണ്‍സുലേറ്റ് ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. യുവതി സാധാരണ നില കൈവരിച്ചാല്‍ റഷ്യയിലേക്കു കൊണ്ടുപോകാനാണു നീക്കം. മെഡിക്കല്‍ കോളജ് ആശുപത്രിവിട്ടാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ സാമൂഹ്യനീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കു യുവതിയെ മാറ്റും.
ആവശ്യമായ നിയമസഹായം വനിതാ കമ്മീഷന് ഒരുക്കുമെന്നു ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു. യുവതിക്കു റഷ്യന്‍ ഭാഷയേ അറിയുകയുള്ളൂ എന്നതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിനു കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന് ഏര്‍പ്പാടാക്കി നല്‍കിയിട്ടുണ്ട്.
കെട്ടിടത്തില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് ക്ഷീണിതയാണു യുവതി.നാട്ടിലേക്കു പോകുന്ന കാര്യത്തില്‍ യുവതിയുടെ അഭിപ്രായം പരിഗണിക്കുമെന്നും ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു.
പീഡനവുമായി ബന്ധപ്പെട്ട് സുഹൃത്ത് കൂരാച്ചുണ്ടിലെ കാളങ്ങാലി ഒലക്കുന്നത്ത് ആഖിലി (27) നെ പോലീസ് അറസ്റ്റ് ചെയിരുന്നു. പീഡനത്തെതുടര്‍ന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടിയാണു യുവതിക്കു പരിക്കേറ്റത്.
റഷ്യയിലെ മോസ്കോയില്‍ വെബ് ഡിസൈനറായി ജോലിചെയ്തിരുന്ന ഇരുപത്തിയേഴുകാരിയായ യുവതി ഇന്‍സ്റ്റഗ്രാംവഴിയാണ് ആഖിലിനെ പരിചയപ്പെട്ടത്. ആഖില്‍ ഖത്തര്‍ ലോകകപ്പ് സമയത്ത് സെക്യുരിറ്റി ജീവനക്കാരനായി ജോലിചെയ്യവേ, ഫുട്ബോള്‍ കളി കാണാന്‍ ഖത്തറിലെത്തിയ യുവതിക്കൊപ്പം അവിടെ കുറച്ചുകാലം താമസിച്ചു. പീന്നീട് നേപ്പാളിലും തുടർന്ന് ഡല്‍ഹിയിലും ബംഗളൂരുവിലും താമസിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. എന്നാല്‍, ലഹരിക്ക് അടിമയായ യുവാവ് തുടക്കത്തില്‍ സ്നേഹത്തോടെ പെരുമാറുകയും പിന്നീട് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണു വിവരം. യുവാവിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി തർക്കത്തിലായിരുന്നു.
തുടർന്ന് പെണ്‍കുട്ടിയുമായി വാടകവീട്ടില്‍ ഒറ്റയ്ക്കു താമസിക്കുമ്പോഴാണു പ്രശ്നമുണ്ടാകുന്നതും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്നതും. തുടര്‍ന്ന് പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ആഖില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മര്‍ദിച്ചുവെന്നും നാട്ടിലേക്കു തിരികെ പോകാതിരിക്കാന്‍ പാസ്പോര്‍ട്ട് കീറി എറിഞ്ഞുവെന്നും യുവതി നല്കിയ പരാതിയിലുണ്ട്.