വിദേശമദ്യത്തിന് നാലു ശതമാനം വില കൂടും
Friday, December 9, 2022 12:24 AM IST
തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യവില നാലു ശതമാനം കൂട്ടാൻ നിയമസഭ ബിൽ പാസാക്കി. ബിയറിന് 112, വൈനിന് 82, കെയ്സ് ഒന്നിന് 400 രൂപയോ അതിൽ കൂടുതലോ ക്രയമൂല്യമുള്ള വിദേശമദ്യത്തിന് 247, 400 രൂപവരെ ക്രയമൂല്യമുള്ള വിദേശ മദ്യത്തിന് 237 ശതമാനം എന്നിങ്ങനെയാണ് നികുതി കൂട്ടിയത്.
നാലു ശതമാനം നികുതി വർധിപ്പിച്ചതിനാൽ ഒരു കുപ്പി മദ്യത്തിന് പരമാവധി 20 രൂപവരെ കൂടുമെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി പി. രാജീവ് പറഞ്ഞു. പാൽ, മറ്റ് സാധനങ്ങൾ എന്നിവയ്ക്കെല്ലാം വില കൂടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ആൾക്കഹോൾ ഉപയോഗിച്ചാണ് വിദേശ മദ്യനിർമാണം നടക്കുന്നത്.
സ്പിരിറ്റിനു വില കൂടിയതോടെ സർക്കാരിന്റെ മദ്യനിർമാണ സ്ഥാപനം 170 കോടി രൂപ നഷ്ടത്തിലായി. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പെട്രോളിൽ ആൾക്കഹോൾ ചേർത്തു തുടങ്ങിയതോടെ ആൾക്കഹോളിനു വില കുതിച്ചുയരുകയായിരുന്നു. ഇക്കാരണത്താലാണ് കേരളത്തിൽ മദ്യവില കൂട്ടേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ മദ്യവില്പന കുറഞ്ഞതായും മയക്കുമരുന്നായ എംഡിഎംഎ വിലപന കൂടിയതായും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.മദ്യത്തിന് അമിതമായി വിലകൂട്ടിയാൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന മയക്കുമരുന്നുകളിലേക്ക് സമൂഹം നീങ്ങുമെന്ന് ഡോ. മാത്യു കുഴൽനാടനും പി.സി. വിഷ്ണുനാഥും പറഞ്ഞു.