എസ്സിഇആർടിയിൽ ഡിവൈഎഫ്ഐ ജില്ലാ നേതാവ് അടക്കമുള്ളവരെ സ്ഥിരപ്പെടുത്താൻ ശിപാർശ
Tuesday, October 20, 2020 10:49 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്സിഇആർടിയിൽ ഡിവൈഎഫ്ഐ ജില്ലാ നേതാവ് അടക്കമുള്ളവരെ സ്ഥിരപ്പെടുത്താൻ ശിപാർശ. എസ്സിഇആർടിഇയിൽ ജോലി നോക്കി വരുന്ന 30 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നു ശിപാർശ സ്ഥാപനത്തിന്റെ ഗവേണിംഗ് ബോഡി യോഗം സർക്കാരിനു സമർപ്പിച്ചു.
എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഇടത് അനുഭാവികളെയും ബന്ധുക്കളെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതിന്റെയും നിയമിക്കുന്നതിന്റെയും ഭാഗമായുള്ള നടപടിയാണിത്.
ഗവേണിംഗ് ബോഡിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എസ്സിഇആർടിയിൽ സ്ഥിരം നിയമനത്തിനുള്ള ചട്ടങ്ങളും തയാറാക്കിയിട്ടുണ്ട്. സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് ഇതു നിലവിൽ വരും. 31 വർഷമായി താൽകാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എസ്സിഇആർടിയിൽ ഉണ്ടെന്നും ഇത്തരം ജീവനക്കാരുടെ കാര്യത്തിലാണ് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്.