ആന്‍ഫീല്‍ഡിലെ സുവര്‍ണ ആകാശം...
Tuesday, April 29, 2025 1:43 AM IST
അനീഷ് ആലക്കോട്
ലിവര്‍പൂള്‍ എഫ്സിക്കൊരു വീടുണ്ട്, ഹൃദയത്തിന്റെ ചെഞ്ചുവപ്പിനാല് തുടിക്കുന്ന ആന്‍ഫീല്‍ഡ്. ആരാധകര്‍ അണിയുന്ന, കൊണ്ടാടുന്ന ചുവപ്പിനാല്‍ ആന്‍ഫീല്‍ഡിന്റെ ആകാശംപോലും ചെമ്പട്ടുടുക്കും. ആന്‍ഫീല്‍ഡിന്റെ പുറംലോകംപോലും ആ ചുവപ്പിലേക്കണഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്ന ഫുട്ബോള്‍ ലോകത്തിലെ ഗ്ലാമര്‍ ട്രോഫി 2024-25 സീസണില്‍ ലിവര്പൂളിനാല് ചുവന്നു തുടിച്ചു. 2019-20നുശേഷം രണ്ടാംവട്ടം. ഇംഗ്ലണ്ടിന്റെ ആകാശം ആന്‍ഫീല്‍ഡിന്റെ ചുവപ്പണിയുന്നത് ചരിത്രത്തില്‍ 20-ാം തവണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ റിക്കാര്‍ഡിന് ഒപ്പം. മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രാഫോഡില്നിന്നുള്ള ചുവപ്പിനാല്‍ ഇംഗ്ലണ്ട് 20 തവണ ചുവപ്പണിഞ്ഞിരുന്നു. അതില്‍ 13 എണ്ണം 1990കളിലും രണ്ടായിരങ്ങളിലുമാണ്. തൊണ്ണൂറിന്റെ പിറവിക്കു മുമ്പ് 18 തവണ ആന്‍ഫീല്‍ഡിന്റെ ചുവപ്പുമേലങ്കിക്കുള്ളിലായിരുന്നു ഇംഗ്ലണ്ട് ശയിച്ചത്. ആ പാരമ്പര്യത്തിനു ക്ഷതമേറ്റപ്പോള്‍ ആന്‍ഫീല്‍ഡിന്റെ മുത്തച്ഛന്മാര് തങ്ങളുടെ മടിത്തട്ടില്വച്ച് കുഞ്ഞുങ്ങളെ പാടിക്കേള്‍പ്പിച്ചത് ഇങ്ങനെ:
“കൊടുങ്കാറ്റിലൂടെ നീ നടക്കുമ്പോള്‍,
നിന്റെ തല ഉയര്‍ത്തിപ്പിടിക്കുക
ഇരുട്ടിനെ ഭയപ്പെടരുത്
കൊടുങ്കാറ്റിന്റെ അവസാനം,
ഒരു സുവര്‍ണ ആകാശമുണ്ട്
കാറ്റിലൂടെ നടക്കുക
മഴയിലൂടെ നടക്കുക
നിങ്ങളുടെ സ്വപ്നങ്ങള്‍
പറന്നുപോയാലും
നടക്കുക, നടക്കുക
ഹൃദയത്തില്‍ പ്രതീക്ഷയോടെ നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കു നടക്കില്ല നീ ഒരിക്കലും ഒറ്റയ്ക്കു നടക്കില്ല”...
അതെ, ഇന്നവര്‍ ഒറ്റയ്ക്കല്ല. ആന്‍ഫീല്‍ഡില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ രാജാക്കന്മാര്ക്കുള്ള പ്രീമിയര്‍ ലീഗ് ട്രോഫി 20-ാം തവണയും എത്തിയിരിക്കുന്നു. അതും 2024-25 സീസണില്‍ നാലു മത്സരങ്ങള്‍ ശേഷിക്കേ... അതുകൊണ്ടുതന്നെ ലിവര്‍പൂള്‍ നഗരത്തില്‍ ആഘോഷരാവുകളാണ്...
2019-20 സീസണ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ആഘോഷത്തിനു പരിമിതിയുണ്ടായിരുന്നു.
അന്ന് ഒഴിഞ്ഞ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ലിവര്‍പൂള്‍ ട്രോഫി ഉയര്‍ത്തിയത്. 1989-90നുശേഷമുള്ള ആദ്യ ഒന്നാം ഡിവിഷന് കിരീടമായതിനാല്‍ കോവിഡിലും ആന്‍ഫീല്‍ഡിനു പുറത്ത് ആരാധകര്‍ തടിച്ചുകൂടി. അന്നത്തെ എല്ലാ കുറവും തീര്‍ത്ത് നാലു സീസണിനിപ്പുറം അതിരുകളില്ലാത്ത ആഘോഷമാണ് ലിവര്‍പൂളില്‍...
യു വില്‍ നെവര്‍ വാക്ക് എലോണ്‍
ദ റെഡ്സ് എന്നറിപ്പെടുന്ന ലിവര്‍പൂള്‍ എഫ്സിയുടെ ഐക്കണിക് സോംഗ് ആണ് “യു വില്‍ നെവര്‍ വാക്ക് എലോണ്‍” (നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കു നടക്കില്ല). ലോക ഫുട്ബോളില്‍ ഈ ഗാനം സ്കോട്ടിഷ് ക്ലബ് സെല്‍റ്റിക്കും ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും കടംകൊണ്ടിട്ടുണ്ട്. എന്നാല്‍, ലിവര്‍പൂളിന്റെ ഓരോ മത്സരത്തിനു മുമ്പും ആന്‍ഫീല്‍ഡില്‍ ഈ ഗാനം മുഴങ്ങുന്നതിന്റെ അടുത്തെങ്ങും മറ്റൊന്നുമെത്തില്ല... യൂറോപ്യന്‍ കപ്പില്‍ 1976-77 സീസണ് മുതല്‍ ലിവര്‍പൂള്‍ ചാമ്പ്യന്മാരായിത്തുടങ്ങിയതോടെ യൂറോപ്പില്‍ ഈ ഗാനം മുഴങ്ങി.
ഓസ്കര് ഹാമര്സ്റ്റൈന് II എഴുതി റിച്ചാര്‍ഡ് റോജേഴ്സ് സംഗീതം നല്കി 1945ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയതാണ് യു വില്‍ നെവര്‍ വാക്ക് എലോണ്‍. ഗെറി ആന്‍ഡ് പേസ്മേക്കേഴ്സ് 1963ല്‍ യുകെയില്‍ ഇതിന്റെ പുതിയ പതിപ്പിറക്കി തരംഗം സൃഷ്ടിച്ചു.
അതോടെ ലിവര്‍പൂള്‍ ഈ ഗാനം തങ്ങളുടെ സ്വന്തമാക്കി. ലിവര്‍പൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മില്‍ ഷെഫീല്‍ഡിലെ ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ 1989 ഏപ്രില്‍ 15നു നടന്ന എഫ്എകപ്പ് സെമിഫൈനല്‍ ദുരന്തത്തോടെയാണ് യു വില്‍ നെവര്‍ വാക്ക് എലോണ്‍ ചെമ്പടയുടെ വികാരമായത്. കാരണം, ഹില്‍സ്ബറോ ദുരന്തത്തില്‍ 97 ലിവര്‍പൂള്‍ ആരാധകർക്കു ജീവന് നഷ്ടപ്പെട്ടിരുന്നു.
ആര്‍നെ സ്ലോട്ടിന്റെ തന്ത്രം
34-ാം റൗണ്ടില്‍ 5-1നു ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ തകര്‍ത്തതോടെയാണ് ലിവര്‍പൂള്‍ എഫ്സി 2024-25 സീസണ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്. അതും സീസണില്‍ നാലു മത്സരങ്ങള്‍ ബാക്കിനിര്‍ത്തി. 2024 ഓഗസ്റ്റില്‍ ഇങ്ങനെയൊരു ട്രോഫിയെക്കുറിച്ച് കടുത്ത ലിവര്‍പൂള്‍ ആരാധകര്‍പോലും സ്വപ്നം കണ്ടിരിക്കില്ല എന്നതാണ് വാസ്തവം. കാരണം, 2023-24 സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുന്നതായി പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ലിവര്‍പൂള്‍ ആരാധകര്‍ക്കു നെഞ്ചുവേദനയാണ്.
സാബി അലോണ്‍സോയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ നെതര്‍ലന്‍ഡ്സില്‍നിന്ന് ആര്‍നെ സ്ലോട്ട് എത്തി. ലിവര്‍പൂളില്‍ എന്നല്ല ഇംഗ്ലണ്ടില്‍ത്തന്നെ സ്ലോട്ടിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. 2018-19ല്‍ ചാമ്പ്യന്‍സ് ലീഗിലും 2019-20ല്‍ പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിനെ എത്തിച്ച പരിശീലകനായ ക്ലോപ്പിന്റെ വിടവു നികത്താന്‍ സ്ലോട്ടിനു സാധിക്കുമെന്ന് ആരും വിശ്വസിച്ചില്ല.
എന്നാല്‍, സ്ലോട്ട് ആദ്യം ചെയ്തത് 2019-20 സീസണില്‍ കപ്പു സ്വന്തമാക്കിയപ്പോഴത്തെ കണക്കുകള്‍ നിരത്തി കളിക്കാരെ സ്വയം പ്രചോദിപ്പിക്കുകയായിരുന്നു. ഏതെങ്കിലും ഒരു ഫോര്‍മേഷനിലാണ് (4-2-3-1, 4-3-3) എന്നു കേള്‍ക്കാനും സ്ലോട്ടിന് ആഗ്രഹമില്ലായിരുന്നു. പൂര്‍ണ സ്വാതന്ത്ര്യം - അതായിരുന്നു സ്ലോട്ട് ലിവര്‍പൂള്‍ കളിക്കാര്‍ക്കു നല്‍കിയത്.
ആന്‍ഫീല്‍ഡില്‍ ക്ലോപ്പിന്റെ ശരാശരി 80.33 പോയിന്റ്, അത് 90ലേക്ക് എത്തിക്കുകയായിരുന്നു സ്ലോട്ടിന്റെ ലക്ഷ്യം. അതിനായി ഡിഫെന്‍സും മിഡ്ഫീല്‍ഡും ബലപ്പെടുത്തി. 2024-25 സീസണിനു മുമ്പ് ഇറ്റാലിയന്‍ താരം ഫെഡെറിക്കോ കിയേസയെ മാത്രമാണ് ലിവര്‍പൂള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ സ്വന്തമാക്കിയത്.
അതായത്, 2023-24 സീസണില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന ലിവര്‍പൂള്‍ ടീം തന്നെയാണ് 2024-25 സീസണ് ചാമ്പ്യന്മാര്. കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കൂ എന്നായിരുന്നു സ്ലോട്ട് കളിക്കാരോട് ആവശ്യപ്പെട്ടത്.
മുഹമ്മദ് സലയുടേത് (കഴിഞ്ഞ സീസണില്‍ 18 ഗോള്‍, 10 അസിസ്റ്റ്. ഇത്തവണ 34 മത്സരങ്ങളില്‍ 28 ഗോള്‍, 18 അസിസ്റ്റ്) അടക്കമുള്ള പ്രകടനം അതു ശരിവച്ചു. അതോടെ ആദ്യ സീസണില്‍ത്തന്നെ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന അഞ്ചാമത് മാനേജര്‍ എന്ന നേട്ടം സ്ലോട്ടും സ്വന്തമാക്കി.