ഐപിഎൽ 2025 മെഗാ ലേലത്തിൽ 12 മലയാളികൾ
Tuesday, November 19, 2024 12:12 AM IST
അനീഷ് ആലക്കോട്
ഒരുതരം, രണ്ടുതരം, മൂന്നുതരം... ലേലം ഉറപ്പിക്കുന്നു... കോടികൾ മാറിമറിയുന്ന മൂന്നു വിളി മുഴങ്ങുന്നതിലേക്ക് ഇനിയുള്ളതു വെറും അഞ്ചു ദിനങ്ങളുടെ അകലം മാത്രം. 24, 25 തീയതികളിലായി സൗദിയിലെ ജിദ്ദയിൽ 2025 ഐപിഎൽ മെഗാ താര ലേലം അരങ്ങേറും.
574 താരങ്ങളാണ് ലേലത്തിൽ പണക്കിലുക്കം പ്രതീക്ഷിച്ചിരിക്കുന്നത്. ഇതിൽ 366 കളിക്കാർ ഇന്ത്യക്കാർ. അതിൽത്തന്നെ 12 പേർ മലയാളികളും. മലയാളി സൂപ്പർ താരം സഞ്ജു സാംസണിനെ 18 കോടി രൂപയ്ക്കു രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുണ്ടെന്നതിനാൽ ലേലത്തിലില്ല.
2025 മെഗാ താര ലേലത്തിൽ 204 കളിക്കാരെയാണ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കുക. ഇതിൽ 70 സ്ലോട്ട് വിദേശ കളിക്കാർക്കുള്ളത്. അതായത് 134 സ്ലോട്ടിനായുള്ള ക്യൂവിലാണ് 12 മലയാളികൾ അടക്കമുള്ള 366 ഇന്ത്യക്കാർ. രഞ്ജിയിൽ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന, ബാബ അപരാജിത് എന്നിവരും മെഗാ താര ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജലജിന്റെ അടിസ്ഥാന വില 40 ലക്ഷം രൂപയാണ്. ബാബ അപരാജിതിന്റേത് 30 ലക്ഷവും.
കെസിഎൽ ഇഫക്ട്?
പ്രഥമ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 ടൂർണമെന്റിനുശേഷം നടക്കുന്ന ഐപിഎൽ ലേലമാണ് ഇത്തവണത്തേത്. കെസിഎല്ലിൽ സെഞ്ചുറി നേടിയ മുൻനിരക്കാരെല്ലാം ഐപിഎൽ ലേലത്തിൽ ഉണ്ട്. കൊച്ചി ബ്ലൂ ടൈഗേഴ്സിനുവേണ്ടി ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമടക്കം 354 റണ്‍സ് നേടിയ ആനന്ദ് കൃഷ്ണൻ മാത്രമാണ് ഐപിഎൽ ലേലത്തിന്റെ പട്ടികയിൽ ഉൾപ്പെടാത്തത്.
കെസിഎല്ലിലെ പ്രകടനങ്ങൾ മലയാളി താരങ്ങൾക്കു ഐപിഎൽ വഴിയൊരുക്കുമോ എന്നതാണ് അറിയേണ്ടത്. കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, ഷോണ്‍ റോജർ, വൈശാഖ് ചന്ദ്രൻ, അഭിഷേക് ജെ. നായർ, എസ്. മിഥുൻ, എം. അജ്നസ്, അബ്ദുൾ ബാസിത്, സൽമാൻ നിസാർ, വിഗ്നേഷ് പുത്തൂർ എന്നിവരാണ് 2025 ഐപിഎൽ മെഗാ താര ലേലത്തിൽ തങ്ങളുടെ വിളിക്കായി കാത്തിരിക്കുന്ന മലയാളി താരങ്ങൾ. ഈ 12 കേരള കളിക്കാരുടെയും അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
സൽമാൻ നിസാർ
കണ്ണൂർ സ്വദേശിയായ സൽമാൻ നിസാറാണ് കെസിഎൽ 2024 സീസണിൽ ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനക്കാരൻ. കെസിഎല്ലിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനുവേണ്ടി 12 ഇന്നിംഗ്സിൽ നാല് അർധസെഞ്ചുറിയോടെ 455 റണ്‍സ് സൽമാൻ സ്വന്തമാക്കി. സീസണിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർ എന്ന വിശേഷണം എന്തുകൊണ്ടും ഈ ഇംടകൈ ബാറ്ററിനു ചേരും. ഐപിഎൽ അരങ്ങേറ്റമാണ് ഈ ഇരുപത്തേഴുകാൻ 2025 മെഗാ താര ലേലത്തിലൂടെ പ്രതീക്ഷിക്കുന്നത്.
മുഹമ്മദ് അസ്ഹറുദ്ദീൻ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുൻ അംഗമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന വിക്കറ്റ് കീപ്പർ ബാറ്റർ. കാസർഗോഡുകാരനായ അസ്ഹറുദ്ദീൻ, കെസിഎൽ 2024 സീസണിൽ റണ്‍ വേട്ടയിൽ നാലാം സ്ഥാനത്തുണ്ടായിരുന്നു. ആലപ്പി റിപ്പിൾസിനുവേണ്ടി 10 ഇന്നിംഗ്സിൽനിന്ന് നാല് അർധസെഞ്ചുറിയുടെ അകന്പടിയോടെ 410 റണ്‍സ് അസ്ഹറുദ്ദീൻ സ്വന്തമാക്കി. 150.7 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
രോഹൻ കുന്നുമ്മൽ
വലംകൈ ഓപ്പണിംഗ് ബാറ്ററാണ് പാലക്കാട്ടുകാരനായ രോഹൻ കുന്നുമ്മൽ. ഇരുപത്താറുകാരനായ രോഹൻ റെസ്റ്റ് ഓഫ് ഇന്ത്യ ടീമംഗമായിരുന്നു. കെസിഎല്ലിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനുവേണ്ടി 11 ഇന്നിംഗ്സിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 371 റണ്‍സ് നേടി. 103 ആയിരുന്നു ഉയർന്ന സ്കോർ, സ്ട്രൈക്ക് റേറ്റ് 164.2ഉം.
അഭിഷേക് നായർ
2024 കെസിഎല്ലിൽ സെഞ്ചുറി നേടിയ അഞ്ചുപേരിൽ ഒരാളാണ് അഭിഷേക് ജെ. നായർ എന്ന ഇരുപത്തിമൂന്നുകാരൻ. കെസിഎല്ലിന്റെ കണ്ടെത്തലെന്നു വിശേഷിപ്പിക്കാവുന്ന താരം. വലംകൈ ബാറ്ററും ഓഫ് സ്പിന്നറും. കൊല്ലം സെയ്ലേഴ്സിനുവേണ്ടി ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയുമടക്കം 328 റണ്‍സ് സ്വന്തമാക്കി. 103 ആണ് ഉയർന്ന സ്കോർ, 127.6 സ്ട്രൈക്ക് റേറ്റും.
അബ്ദുൾ ബാസിത്
ഐപിഎൽ മുൻപരിചയമുള്ള കളിക്കാരനാണ് അബ്ദുൾ ബാസിത്. എറണാകുളം സ്വദേശിയായ ബാസിത് ഓഫ് സ്പിൻ ഓൾ റൗണ്ടറാണ്. ഐപിഎൽ ടീമുകളായ പഞ്ചാബ് കിംഗ്സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് ടീം ക്യാന്പുകളിൽ ഉണ്ടായിരുന്നു. 2023ൽ രാജസ്ഥാനുവേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുമുണ്ട്. കെസിഎല്ലിൽ 11 ഇന്നിംഗ്സിൽനിന്ന് 13 വിക്കറ്റ് വീഴ്ത്തി. 5/12 ആയിരുന്നു മികച്ച ബൗളിംഗ്.
ഷോണ്‍ മുതൽ വിഗ്നേഷ് വരെ
കേരളത്തിന്റെ വളർന്നുവരുന്ന താരങ്ങളിൽ പ്രധാനിയാണ് തിരുവനന്തപുരം സ്വദേശിയായ ഷോണ്‍ റോജർ. വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമാണ് ഈ ഇരുപത്തിരണ്ടുകാരൻ. 2018, 2019 സീസണുകളിൽ രാജസ്ഥാൻ റോയൽസ് ക്യാന്പിലുണ്ടായിരുന്ന ലെഗ് സ്പിന്നറാണ് ആലപ്പുഴക്കാരൻ എസ്. മിഥുൻ, വയനാട് സ്വദേശിയായ വിക്കറ്റ് കീപ്പർ ബാറ്റർ എം. അജ്നസ്, വലംകൈ ബാറ്ററും ഇടംകൈ സ്പിന്നറുമായ വിഗ്നേഷ് പുത്തൂർ, വലംകൈ ബാറ്ററും ഓഫ് സ്പിന്നറുമായ തിരുവനന്തപുരത്തുകാരൻ വൈശാഖ് ചന്ദ്രൻ എന്നിവരെല്ലാം ഐപിഎൽ പ്രവേശനത്തിനുള്ള കാത്തിരിപ്പിലാണ്.
മലപ്പുറം സ്വദേശിയായ വിഗ്നേഷ് പുത്തൂർ ഇതുവരെ കേരളത്തിന്റെ സീനിയർ ടീമിൽ കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. മുംബൈ ഇന്ത്യൻസിന്റെ റെഡാറിൽപ്പെട്ടതാണ് വിഗ്നേഷിനെ ഐപിഎൽ മെഗാ താര ലേല പട്ടികയിൽ എത്തിച്ചത്. കെപിഎല്ലിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്ന വിഗ്നേഷ് മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു വിക്കറ്റ് മാത്രമാണ് നേടിയത്. എന്നിട്ടും ഇതിനോടകം മുംബൈ ഇന്ത്യൻസ് മൂന്നു തവണ വിഗ്നേഷിനെ ട്രയൽസിനു വിളിച്ചെന്നതാണ് ശ്രദ്ധേയം.
പത്തൊന്‍പതുകാരനായ ഈ ചൈനാമൻ സ്പിന്നറിനെ മുംബൈ ഇന്ത്യൻസ് ലേലത്തിലെടുത്താൽ അദ്ഭുതപ്പെടേണ്ടെന്നു ചുരുക്കം...
സച്ചിൻ ഹിറ്റ്
പ്രഥമ കെസിഎല്ലിലെ ടോപ് സ്കോററാണ് രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റൻകൂടിയായ സച്ചിൻ ബേബി. രഞ്ജി ട്രോഫി ചരിത്രത്തിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ബാറ്ററെന്ന റിക്കാർഡ് ഹരിയാനയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ സച്ചിൻ സ്വന്തമാക്കിയിരുന്നു.
റെഡ് ബോളിലും വൈറ്റ് ബോളിലും തന്റെ കരുത്തറിയിച്ചതാണ് ഈ ഇടംകൈ ബാറ്റർ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുൻ താരമായിരുന്നു എന്നതും ശ്രദ്ധേയം.
കെസിഎല്ലിൽ 12 ഇന്നിംഗ്സിൽനിന്ന് 160.5 സ്ട്രൈക്ക് റേറ്റോടെ 528 റണ്‍സ് നേടി ടോപ് സ്കോററായിരുന്നു. മൂന്ന് അർധസെഞ്ചുറിയും ഫൈനലിലേതുൾപ്പെടെ രണ്ടു സെഞ്ചുറിയും കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്ലേഴ്സിന്റെ നായകൻകൂടിയായ സച്ചിൻ അടിച്ചുകൂട്ടി. കെസിഎല്ലിലെ പ്രകടനം ഐപിഎൽ ലേലത്തിൽ ഈ ഇടുക്കിക്കാരനെ തുണയ്ക്കുമോ എന്നതിനായാണ് കാത്തിരിപ്പ്.
അതിവേഗം വിഷ്ണു വിനോദ്
കെസിഎല്ലിന്റെ പ്രഥമ സീസണിൽ അതിവേഗ സെഞ്ചുറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും വിഷ്ണു വിനോദ് എന്ന വലംകൈ ബാറ്ററിന്റെ പേരിലാണ്. ആലപ്പുഴ റിപ്പിൾസിനെതിരേ തൃശൂർ ടൈറ്റൻസിനുവേണ്ടി ഇറങ്ങിയ വിഷ്ണു വിനോദ് നേരിട്ട 32-ാം പന്തിലായിരുന്നു സെഞ്ചുറി തികച്ചത്.
സെഞ്ചുറിയിലേക്കുള്ള വഴിയിൽ 12 സിക്സും നാലു ഫോറും വിഷ്ണു പറത്തി. മത്സരത്തിൽ 45 പന്തിൽ 17 സിക്സും അഞ്ചു ഫോറും അടക്കം 139 റണ്‍സ് വിഷ്ണു നേടി.
അതോടെ ഒരു മത്സരത്തിൽത്തന്നെ കെസിഎല്ലിലെ രണ്ടു റിക്കാർഡും വിഷ്ണു സ്വന്തമാക്കി. കെസിഎല്ലിൽ 11 ഇന്നിംഗ്സിൽനിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമടക്കം 438 റണ്‍സ് നേടി ടോപ് സ്കോറർ പട്ടികയിൽ മൂന്നാമനുമായി.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായ ചരിത്രവും ഈ പത്തനംതിട്ടക്കാരനു സ്വന്തം.