അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞു
Friday, November 22, 2024 12:29 AM IST
മുംബൈ: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കെതിരേ ഉയർന്ന കൈക്കൂലി കേസിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഏഴു കന്പനികളുടെ ഓഹരികളിൽ വലിയ ഇടിവുണ്ടായി. അദാനി ഗ്രൂപ്പിനുണ്ടായ ഇടിവ് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. 20 ശതമാനത്തിലേറെയാണ് ഇന്നലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഇടിവുണ്ടായത്.
2023ൽ ഹിൻഡെൻബർഗിന്റെ ആരോപണങ്ങൾ പുറത്തുവന്നശേഷം അദാനി ഗ്രൂപ്പ് നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്നലെയുണ്ടായത്. ഇന്നലെ 2.60 ലക്ഷം കോടി മുതൽ 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.
69.8 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സന്പത്ത് ഇപ്പോൾ 58.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഒരു ദിവസംകൊണ്ട് ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 22-ാം സ്ഥാനത്തുനിന്നും 25-ാം സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചു.
ഗ്രൂപ്പിന്റെ പ്രധാന കന്പനിയായ അദാനി എന്റപ്രൈസസ് 22.61 ശതമാനം ഇടിഞ്ഞ് 2182.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി എനർജി സൊലൂഷൻസ് 20 ശതമാനവും ഇടിഞ്ഞു. കേസിൽ ഉൾപ്പെട്ടിരിക്കുന്ന അദാനി ഗ്രീൻ എനർജി 18.90 ശതമാനം നഷ്ടത്തിൽ 1145.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി ടോട്ടൽ ഗ്യാസ് 10.40 ശതമാനത്തിലേക്ക് താഴ്ന്ന് 602.35 രൂപയിലും അദാനി പവർ 9.15 ശതമാനം താഴ്ന്ന് 476.15ലും അദാനി പോർട്ട് 13.53 ശതമാനം ഇടിഞ്ഞ് 1114.70 രൂപയിലും ക്ലോസ് ചെയ്തു. അദാനി വിൽമാർ 9.98 ശതമാനം നഷ്ടത്തിൽ 294.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൂടാതെ അദാനി ഗ്രൂപ്പിന് വലിയ നിക്ഷേപമുള്ള അംബുജ സിമെന്റ്, എസിസി സിമെന്റ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി. അംബുജ സിമന്റ്സിന്റെ ഓഹരി 65.85 രൂപ (11.98 %) ഇടിഞ്ഞ് 483.75 രൂപയിലും എസിസി ലിമിറ്റഡ് 159.25 രൂപ (7.29%) നഷ്ടത്തിൽ 2025.80 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു. എൻഡിടിവിയുടെ ഓഹരി 0.06 ശതമാനത്തിന്റെ താഴ്ചയിൽ 169.25 രൂപയിൽ ക്ലോസ് ചെയ്തു.
എൽഐസിക്കു വലിയ നഷ്ടം
അദാനി ഓഹരികളുടെ തകർച്ചയിൽ രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എൽഐസി)ക്ക് നഷ്ടമായത് 8500 കോടിയിലേറെ രൂപ.
യുഎസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടർന്ന് അദാനി ഓഹരികളിൽ ഇന്നലെയുണ്ടായ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കന്പനികളിലാണ് എൽഐസിക്ക് നിക്ഷേപമുള്ളത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊലൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, എസിസി, അംബുജ സിമന്റ്സ് എന്നിവയാണവ. ഈ കന്പനികളിൽ എൽഐസിക്കു മൊത്തം 1.36 മുതൽ 7.86 ശതമാനം വരെ നിക്ഷേപമുണ്ട്.