ഇറാക്ക് സന്ദർശനത്തിനിടെ വധശ്രമം നേരിട്ടു: മാർപാപ്പ
Thursday, December 19, 2024 12:51 AM IST
വത്തിക്കാൻ സിറ്റി: ഇറാക്ക് സന്ദർശനവേളയിൽ വധശ്രമം നേരിട്ടതായി ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. അടുത്തമാസം പുറത്തിറങ്ങുന്ന ‘ഹോപ്’ എന്ന ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
രണ്ടു ചാവേറുകളാണു തന്നെ ലക്ഷ്യമിട്ടതെന്നും ബ്രിട്ടീഷ് ഇന്റലിജൻസാണ് ഇവരെക്കുറിച്ചു മുന്നറിയിപ്പു നല്കിയതെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിക്കുകയായിരുന്നു.
2021 മാർച്ചിലാണ് ഫ്രാൻസിസ് മാർപാപ്പ ഇറാക്ക് സന്ദർശിച്ചത്. ആദ്യമായിട്ടാണ് ഒരു മാർപാപ്പ ഇറാക്കിലെത്തുന്നത്. മൂന്നു ദിവസത്തെ പരിപാടികളാണു മാർപാപ്പയ്ക്കുണ്ടായിരുന്നത്.
ആഭ്യന്തരസംഘർഷങ്ങളും ഐഎസ് പടയോട്ടവും മൂലം ഇറാക്കി ക്രൈസ്തവരിൽ ഭൂരിഭാഗവും പലായനം ചെയ്തിരുന്നു. ഇറാക്കിൽ പോകരുതെന്നാണ് എല്ലാവരും ഉപദേശിച്ചതെന്ന് മാർപാപ്പ പറയുന്നു. എന്നാൽ പോകാൻതന്നെയായിരുന്നു തീരുമാനം.
മൊസൂൾ നഗരത്തിലെ പരിപാടിയിൽ ചാവേർ ആക്രമണം ഉണ്ടാകാമെന്നു ബ്രിട്ടീഷ് ഇന്റലിജൻസ് സംഘടനകൾ ഇറാക്കി പോലീസിനു മുന്നറിയിപ്പു നല്കി. സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ച ഒരു യുവതി മൊസൂളിലേക്കു തിരിച്ചുവെന്ന മുന്നറിയിപ്പു ലഭിച്ചു. ഒരു വാനും അതിവേഗത്തിൽ മൊസൂളിലേക്കു തിരിച്ചതായി അറിയിപ്പു വന്നു.
തന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്ക് എന്തു സംഭവിച്ചുവെന്നു പിറ്റേന്ന് സുരക്ഷാ ഉദ്യോഗസ്ഥരോടു തിരക്കി. ഇറാക്കി പോലീസ് ഇടപെട്ടെന്നും രണ്ടു ചാവേറുകളും ജീവനോടെയില്ലെന്നുമായിരുന്നു മറുപടിയെന്നു മാർപാപ്പ എഴുതുന്നു. ജനുവരി 14നാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.