വെടിനിർത്തൽ ലംഘിക്കപ്പെട്ടു: ഇസ്രേലി സേന
Friday, November 29, 2024 1:30 AM IST
ടെൽ അവീവ്: ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ ലംഘിക്കപ്പെട്ടതായി ഇസ്രേലി സേന. ഹിസ്ബുള്ള ഭീകരർ വാഹനങ്ങളിൽ അതിർത്തി പ്രദേശങ്ങളിലെത്തിയെന്നും ഇവർക്കു നേരേ ടാങ്കുകളുപയോഗിച്ച് ആക്രമണം നടത്തിയെന്നും സേന അറിയിച്ചു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. അതിർത്തിയലെ മൂന്നു ലബനീസ് പട്ടണങ്ങളിൽ ഇസ്രേലി ടാങ്കുകൾ ആക്രമണം നടത്തി.
ഹിസ്ബുള്ള ആക്രമണങ്ങളെത്തുടർന്ന് അതിർത്തിയിൽനിന്ന് ഒഴിപ്പിച്ചുമാറ്റപ്പെട്ട ഇസ്രേലി പൗരന്മാർ ഉടൻ തിരിച്ചുവരരുതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൈന്യവും നിർദേശിച്ചു.
ഇതിനിടെ ലബനീസ് പൗരന്മാർ അതിർത്തി പ്രദേശങ്ങളിൽ മടങ്ങിയെത്താൻ തുടങ്ങി.
അമേരിക്കയുടെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ ബുധനാഴ്ചയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തലുണ്ടായത്.
ഗാസയിൽ 17 മരണം
കയ്റോ: ഇസ്രേലി സേന ഇന്നലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 17 പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ, മധ്യഗാസയിലെ നുസെയ്റത്ത്, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.